ഡൽഹി പോലീസിനെ വിമർശിച്ച ജസ്റ്റിസിനെ സ്ഥലം മാറ്റിയത് അധികാരത്തിന്റെ മത്ത് പിടിച്ച സർക്കാരിന്റെ ധാർഷ്ട്യം: മനീഷ് തിവാരി

ന്യൂഡൽഹി: ജസ്റ്റിസ് എസ് മുരളീധറിനെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയതിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. അധികാരത്തിൽ മത്ത് പിടിച്ച സർക്കാറിന്റെ ധാർഷ്ട്യമാണ് ഈ സംഭവം തുറന്നുകാട്ടുന്നതെന്നും അദ്ദേഹം വിമർശിച്ചു. വ്യക്തമായ കാരണം പറയാതെയാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു.

ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനുള്ള ക്രൂരമായ ശ്രമത്തിനെതിരെ നീതിക്കും നിയമത്തിനും ഉയർന്ന സ്ഥാനം നൽകുന്ന എല്ലാ ജഡ്ജിമാരും അഭിഭാഷകരും ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും വേണമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് നിർദേശിച്ചും ഡൽഹി പോലീസിന്റെ വീഴ്ചയെ വിമർശിച്ചും ഉത്തരവിട്ട ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലമാറ്റി കൊണ്ടുള്ള ഉത്തരവ് ബുധനാഴ്ച അർധരാത്രിയാണ് പുറത്തിറക്കിയത്.

പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. മുരളീധറിനെ സ്ഥലംമാറ്റാൻ നേരത്തെ കൊളീജിയം ശുപാർശ ചെയ്തിരുന്നു. ഈ ഉത്തരവാണ് ഇന്നലെ രാത്രിയോടെ പുറത്തിറങ്ങിയത്.

ഡൽഹി കലാപകേസ് പരിഗണിച്ച അന്ന് തന്നെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിർദേശിച്ചതിന് പിന്നാലെ ജസ്റ്റിസ് മുരളീധറിൽ നിന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് വിദ്വേഷ പ്രസംഗ കേസ് മാറ്റിയിരുന്നു.

Exit mobile version