ഡൽഹിയിൽ ആക്രമണം വ്യാപിക്കുന്നു; മരണസംഖ്യ ഉയർന്നു; മുസ്ലിം പള്ളിക്ക് തീയിട്ട് അക്രമികൾ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന്റെ വടക്കു കിഴക്കൻ മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കി കലാപം വ്യാപിക്കുന്നു. അതേസമയം സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം എട്ടായി. പരുക്കേറ്റവരുടെ എണ്ണം 160 ആയും ഉയർന്നു.
ഡൽഹി സംഘർഷം യമുന വിഹാർ, വിജയ് പാർക്ക് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഒപ്പം കരവൽ നഗർ, മോജ്പൂർ എന്നിവിടങ്ങളിലും വീണ്ടും ആക്രമണമുണ്ടായി. സംഘർഷം വ്യാപകമാകുന്ന സാഹചര്യത്തിൽ സൈന്യത്തെ വിളിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു. എന്നാൽ സൈന്യത്തെ വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

സംഘർഷത്തിനിടെ അക്രമകാരികൾ മുസ്ലിം പള്ളി കത്തിച്ചു. ജാഫറാബാദിലാണ് അക്രമികൾ പള്ളി കത്തിച്ചത്. പള്ളി കത്തിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവർത്തകരെയും അക്രമകാരികൾ മർദ്ദിച്ചു. എൻഡിടിവിയിലെ മാധ്യമ പ്രവർത്തകർക്കാണ് പരിക്കേറ്റത്. എൻഡിടിവി എക്‌സിക്യൂട്ടീവ് എഡിറ്ററായ നിധി റസ്ദാനാണ് തന്റെ സഹപ്രവർത്തകർ അക്രമത്തിനിരയായ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കാനാരംഭിച്ച ജനക്കൂട്ടം പിന്നീട് ഇരുവരും ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് വിട്ടയച്ചതെന്നും ട്വീറ്റിൽ പറയുന്നു.

Exit mobile version