മുഹമ്മദ് ഫുർകാനെ വെടിവെച്ച് വീഴ്ത്തിയത് കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ; കലാപത്തിനിടെ ഇല്ലാതായ യുവാവിനെ കുറിച്ച് കണ്ണീരോടെ സഹോദരൻ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഡൽഹിയിലുണ്ടായ സംഘർഷം കലാപത്തിലെത്തിയപ്പോൾ ജീവൻ നഷ്ടപ്പെട്ടത് ഇതിലൊന്നും പങ്കാളിയല്ലാത്ത, കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങിക്കാനായി പുറത്തിറങ്ങിയ മുഹമ്മദ് ഫുർകാന്. ഡൽഹിയിൽ മരിച്ചുവീണ ഏഴുപേരിൽ ഒരാളാണ് കർത്താപുർ സ്വദേശിയായ ഫുർകാൻ. മുഹമ്മദ് ഫുർകാൻ മരിച്ചെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദ് ഇമ്രാന് ഇതുവരെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കരകൗശല വ്യാപാരികളായിരുന്നു ഇരുവരും.

”ഉച്ചയ്ക്ക് ശേഷം 2.30 ന് ഞാൻ ഫുർകാനെ കാണാൻ പോയതാണ്. അവൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. സംഘർഷത്തെ തുടർന്ന് കടകളെല്ലാം അടച്ചിരുന്നതിനാൽ കുട്ടികൾക്ക് ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു അവൻ. പിന്നീട് ആരോ വിളിച്ചിട്ട് എന്നോട് പറഞ്ഞു, നിങ്ങളുടെ സഹോദരന്റെ കാലിൽ വെടിയേറ്റു എന്ന്. എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ഞാൻ അപ്പോൾ തന്നെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. അപ്പോഴേയ്ക്കും എനിക്ക് ആധിയായി.” ഇമ്രാൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

പിന്നീട് നിരവധി പേർ ഇമ്രാനെ ഫോണിൽ വിളിച്ചു. സഹോദരന് വെടിയേറ്റു എന്നും ജിറ്റിബി ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നുമാണ് വിളിച്ചവർ അറിയിച്ചത്. തുടർന്ന് ഞാൻ ആശുപത്രിയിലേക്ക് ഓടി. പക്ഷേ ഞാനെത്തിയപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു. എങ്ങനെയെങ്കിലും രക്ഷിക്കാൻ ഞാൻ ഡോക്ടർമാരോട് അപേക്ഷിച്ചു. എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ രക്ഷിക്കാമായിരുന്നു എന്നായിരുന്നു അവരുടെ മറുപടി. രക്ഷപ്പെടാൻ യാതൊരു സാധ്യതയും ഉണ്ടായിരുന്നില്ല. എന്റെ ലോകം തന്നെ അവസാനിച്ചത് പോലെ തോന്നുന്നു. ഇനി ഒന്നും അവശേഷിക്കുന്നില്ല. മക്കൾ തീരെ ചെറിയ കുട്ടികളാണ്. ഒരു മകനും ഒരു മകളുമുണ്ട്.” ഇമ്രാൻ തൊണ്ടയിടറി കരയുന്നു.

അതേസമയം, ഡൽഹിയിലെ സംഘർഷത്തിൽ കൊല്ലപ്പട്ട ഏഴുപേരിൽ ഫുർകാനും ഗോകുൽപുരി പോലീസ് സ്റ്റേഷനിലെ രത്തൻലാൽ എന്ന ഹെഡ്‌കോൺസ്റ്റബിളും ഉൾപ്പെടുന്നു. നൂറിലധികം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. പേരും മതവും ചോദിച്ചാണ് ഡൽഹിയിൽ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്. മുസ്ലിം ആരാധനാലയത്തിന് നേരെയും ആക്രമണമുണ്ടായി. സിഎയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരുടെ കടകളും വീടുകളും തിരഞ്ഞുപിടിച്ച് തല്ലി തകർക്കുകയും ആക്രണണത്തിന് ഇരയാക്കുകയും ചെയ്യുന്നത് നിത്യകാഴ്ചയായി മാറുകയും ചെയ്തിരിക്കുകയാണ്.

Exit mobile version