ഏത് പാർട്ടിക്കാരൻ ആയാലും ശക്തമായ നടപടി എടുക്കണം; കലാപത്തിന് ആഹ്വാനം ചെയ്ത കപിൽ മിശ്രയ്ക്ക് എതിരെ ഗൗതം ഗംഭീർ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സംഘർഷത്തിൽ പ്രതികരണവുമായി മുൻക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. സംഭവത്തിൽ ബിജെപിക്കെതിരെയും ആക്രമണം നടത്തിയവർക്ക് എതിരേയും രൂക്ഷ വിമർശനമാണ് ഗൗതം ഗംഭീർ നടത്തിയത്.

കപിൽ മിശ്രയല്ല ആരായാലും ഏതു പാർട്ടിക്കാരനായാലും പ്രകോപനകരമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടി എടുക്കണമെന്ന് ഗൗതം ഗംഭീർ പറഞ്ഞു. എഎൻഐയോടാണ് എംപിയുടെ പ്രതികരണം.

ഡൽഹിയിലെ ജാഫറാബാദിനടുത്തുള്ള മൗജ്പൂരിൽ നടത്തിയ പൗരത്വഭേദഗതി അനുകൂല പരിപാടിയിൽ വെച്ച് പ്രതിഷേധക്കാരെ റോഡിൽ നിന്നും ഒഴിപ്പിച്ചില്ലെങ്കിൽ തങ്ങൾ തെരുവിൽ ഇറങ്ങുമെന്ന് കപിൽ മിശ്ര ഭീഷണി മുഴക്കിയിരുന്നു.

‘മൂന്ന് ദിവസത്തെ സമയം ഞങ്ങൾ തരുന്നു. അതിനുള്ളിൽ ജാഫറാബാദിലെയും ചന്ദ്ബാഗിലെയും റോഡുകൾ ഒഴിപ്പിച്ചിരിക്കണം. അതിനു ശേഷം ഞങ്ങളെ പറഞ്ഞു മനസിലാക്കിക്കാൻ വന്നേക്കരുത്. ഞങ്ങൾ നിങ്ങളെ കേൾക്കാൻ നിന്നുതരില്ല. മൂന്നേ മൂന്ന് ദിവസമാണ് നിങ്ങൾക്ക് മുന്നിലുള്ളത്.’ കപിൽ മിശ്ര പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിഎഎ പ്രതിഷേധക്കാർക്ക് നേരെ സിഎഎഅനുകൂലികൾ ആക്രണം അഴിച്ചുവിട്ടതും സംഘർഷം കലാപമായി മാറിയതും. ഇതുവരെ ഏഴ് ജീവനുകളാണ് ആക്രമണത്തിൽ പൊലിഞ്ഞത്.

Exit mobile version