മൂന്ന് സഹപ്രവർത്തകരെയാണ് നഷ്ടമായത്; സംഭവിച്ചത് ഭയാനകം: അനുശോചിച്ച് കമൽഹാസൻ

ചെന്നൈ: ഇന്ത്യൻ-2 സിനിമാ ചിത്രീകരണത്തിനെ നഷ്ടമായ മൂന്ന് സഹപ്രവർത്തകരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു എന്ന് നടൻ കമൽഹാസൻ. ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്ന അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്. സാങ്കേതിക പ്രവർത്തകരായ പത്തോളം പേർക്ക് പരിക്കുമേറ്റിരുന്നു. ഭയാനകമായ അപകടമാണ് സംഭവിച്ചതെന്നു അദ്ദേഹം ട്വീറ്റ് ചെയ്തു.

മൂന്ന് സഹപ്രവർത്തകരെയാണ് നഷ്ടമായത്. തന്റെ വേദനയേക്കാൾ അവരുടെ കുടുംബത്തിന്റെ വേദന താങ്ങാവുന്നതിൽ ഏറെയാണ്. അവരിൽ ഒരാളായി അവർക്കൊപ്പമുണ്ടെന്നും വേദനയിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്. ക്രെയിൻ മറിഞ്ഞ് വീണ് അതിനടിയിൽ പെട്ടാണ് മൂന്ന് പേർക്ക് ജീവൻ നഷ്ടമായത്. ശങ്കർ സംവിധാനം ചെയ്യുന്ന കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്ന അപകടത്തിൽ മരിച്ചതിൽ രണ്ട് പേർ സഹസംവിധായകർ, മറ്റൊരാൾ ഷൂട്ടിങ് സഹായിയാണ്. സഹസംവിധായകരായ മധു, കൃഷ്ണ എന്നിവരാണ് മരിച്ചത്. ഷൂട്ടിങ് സെറ്റിലെ സഹായി ആയിരുന്ന ചന്ദ്രനും മരണപ്പെട്ടു.

ശങ്കറും സഹസംവിധായകരും ഇരുന്ന ടെന്റിന് മുകളിലേക്കാണ് ക്രെയിൻ വീണത്. സംവിധായകൻ ശങ്കറിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. പത്ത് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

1996ലാണ് കമൽഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ തീയ്യേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996ലെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു.

Exit mobile version