അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം; ട്രസ്റ്റിന്റെ തലവനായി പ്രധാമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ സമിതിയുടെ തലവനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തു. ഇത് സംബന്ധിച്ച ഉത്തരവ് ബുധനാഴ്ചയാണ് പുറത്തിറക്കിയത്.

സര്‍ക്കാര്‍ ഏറ്റെടുത്ത അയോധ്യയിലെ 67 തര്‍ക്കഭൂമിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന്റെ പൂര്‍ണ ചുമതലയുള്ള കമ്മിറ്റിയായ ശ്രീ റാം ജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്രയുടെ അധ്യക്ഷനായാണ് പ്രധാനമന്ത്രിയുടെ വിശ്വസ്തനായ നൃപേന്ദ്ര മിശ്ര നിയമിക്കപ്പെട്ടത്.

സമിതിയുടെ ചെയര്‍മാനായി രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ നൃത്യഗോപാല്‍ ദാസിനെയും തെരഞ്ഞെടുത്തു. വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വൈസ് പ്രസിഡന്റ് ചമ്പത് റായിയെ ജനറല്‍ സെക്രട്ടറിയായും ഗോവിന്ദ് ദേവ് ഗിരി ജിയെ ട്രഷററായും ഇന്നുചേര്ന്ന യോഗം തെരഞ്ഞെടുത്തു.

ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റമുണ്ടാകില്ലെന്നും എന്നാല്‍ ഉയരവും വീതിയും കൂട്ടുന്ന കാര്യം ചര്‍ച്ചചെയ്യുമെന്നും നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തിനായി അയോധ്യയിലെ എസ്ബിഐ ശാഖയില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങാനും തീരുമാനമായി.

Exit mobile version