ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണ് ജിഎസ്ടി; സാമ്പത്തിക വളർച്ചയ്ക്കും അഴിമതി ഇല്ലാതാക്കാനും ആദായ നികുതി ഒഴിവാക്കണം: സുബ്രഹ്മണ്യൻ സ്വാമി

ഹൈദരാബാദ്: ബിജെപി സർക്കാർ പ്രത്യേക പാർലമെന്റ് യോഗം വിളിച്ച് അർധരാത്രിയിൽ നടപ്പാക്കിയ ജിഎസ്ടിയെ 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. 2030ഓടെ സാമ്പത്തിക സൂപ്പർ പവർ ആകണമെങ്കിൽ ഇന്ത്യയുടെ വളർച്ച പ്രതിവർഷം 10 ശതമാനമായിരിക്കണമെന്നും ജിഎസ്ടിയും ആദായ നികുതിയും ഒഴിവാക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയതിന് മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന് ഭാരത രത്‌ന നൽകണമെന്നും സ്വാമി അഭിപ്രായപ്പെട്ടു. ഹൈദരാബാദിൽ പ്രജ്ഞാ ഭാരതി എന്ന സംഘടന സംഘടിപ്പിച്ച ഇന്ത്യ ആൻ എക്കണോമിക് സൂപ്പർ പവർ ബൈ 2030 എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് കേന്ദ്രസർക്കാരിനെതിരെ അദ്ദേഹം ആഞ്ഞാടിച്ചത്.

ഇന്ത്യ എട്ട് ശതമാനത്തോളം വളർച്ച കൈവരിച്ച സമയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നരസിംഹ റാവുവിന്റെ പരിഷ്‌കരണങ്ങൾക്ക് ശേഷം നമ്മൾ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകരെ ആദായനികുതി, ജിഎസ്ടി എന്നിവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തരുത്. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണ് ജിഎസ്ടി. അത് വളരെ സങ്കീർണമാണ്, ഏത് ഫോറമാണ് വേണ്ടതെന്നും എവിടെയാണ് പൂരിപ്പിക്കേണ്ടതെന്നും ആർക്കുമറിയില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി കുറ്റപ്പെടുത്തി.

അടുത്ത 10 വർഷത്തേക്ക് 10 ശതമാനം വളർച്ച നിലനിർത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് സൂപ്പർ പവർ ആകാൻ സാധിക്കൂവെന്ന് അദ്ദേഹം വിശദീകരിച്ചു. ജനങ്ങളുടെ കൈയിൽ ചിലവഴിക്കാൻ പണമില്ലാത്തതാണ് വിപണിയെ ബാധിച്ചിരിക്കുന്നതെന്നും ഇതാണ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉയർന്ന സാമ്പത്തിക വളർച്ച നേടാനും അഴിമതി ഇല്ലാതാക്കാനും ആദായനികുതി ഇല്ലാതാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version