‘കാർ ഡ്രൈവറെ അറസ്റ്റ് ചെയ്യണം; 10 ലക്ഷം രൂപ വാങ്ങിത്തരണം’; കാറിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹം ഏറ്റെടുക്കാതെ പോലീസിനെ വട്ടം കറക്കി ഭാര്യ; ഒടുവിൽ കേസ്

ഔറംഗാബാദ്: റോഡ് അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഏറ്റെടുക്കാതെ പോലീസുമായി തർക്കത്തിൽ ഏർപ്പെട്ട് ഭാര്യയും ബന്ധുക്കളും. ഒടുവിൽ പോലീസ് യുവതിക്കും കുടുംബാംഗങ്ങൾക്കും എതിരെ കേസെടുത്തു. ഈ മാസം 11ന് ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ച് മരിച്ച അർജുൻ റാത്തോഡ് (30) എന്ന യുവാവിന്റെ മൃതദേഹമാണ് ഏറ്റെടുക്കാനാകില്ലെന്ന് ഭാര്യ ദേവകിയും കുടുംബവും അറിയിച്ചത്. ഇതേതുടർന്ന് പോലീസുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു. ഇതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അർജുൻ റാത്തോഡ് യാത്ര ചെയ്തിരുന്ന ബൈക്കിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്യാനും തനിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ഡ്രൈവറിൽ നിന്നു വാങ്ങി തരാനും ഭാര്യ ദേവകി ആവശ്യപ്പെട്ടു. എന്നാൽ, ഇതു എളുപ്പമല്ലെന്നു എംഐഡിസി പയ്ഠാൻ പോലീസ് സ്റ്റേഷൻ ഇൻചാർജ് അർച്ചന പാട്ടീൽ വിശദീകരിച്ചെങ്കിലും ബന്ധുക്കൾ ചെവികൊണ്ടില്ല.

തുടർന്ന് ദേവകിയും ബന്ധുക്കളും പോലീസ് സ്റ്റേഷൻ ആക്രമിച്ചെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, പോലീസ് തന്നേയും ബന്ധുക്കളേയും മർദ്ദിച്ചെന്നാണ് ദേവകിയുടെ ആരോപണം. സ്റ്റേഷനിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നു പോലീസ് സൂപ്രണ്ട് മോക്ഷത പാട്ടീൽ അറിയിച്ചു.

Exit mobile version