ബാരിക്കേഡ് ഉയർത്തി തടഞ്ഞും അനുമതി നിഷേധിച്ചും പോലീസ്; അമിത് ഷായുടെ വീട്ടിലേക്കുള്ള മാർച്ച് ഉപേക്ഷിച്ച് ഷഹീൻ ബാഗ് സമരക്കാർ മടങ്ങി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്കുള്ള മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഷഹീൻബാഗ് സമരക്കാർ നടത്താനിരുന്ന മാർച്ച് റദ്ദാക്കി. ഡൽഹിയിൽ മാസങ്ങളായി പൗരത്വ നിയമഭേദഗതിക്ക് എതിരെ ഷഹീൻ ബാഗിൽ സമരം നടത്തുന്ന പ്രതിഷേധക്കാർ ഇതോടെ തിരികെ സമരപ്പന്തലിലേക്ക് മടങ്ങി. ഞാറാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച മാർച്ച് സമരപന്തലിൽ നിന്ന് അമ്പത് മീറ്ററോളം മുന്നോട്ട് പോയതിന് ശേഷമാണ് റദ്ദാക്കിയത്.

സർക്കാർ തങ്ങളുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചത്. എന്നാൽ, പോലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞതോടെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ‘ഷഹീൻ ബാഗ് ദാദീസ്’ എന്നറിയപ്പെടുന്ന മുതിർന്ന സ്ത്രീകൾ പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മാർച്ചിന് അനുമതി തേടിയുള്ള ഇവരുടെ അപേക്ഷ ന്യൂഡൽഹി എസിപിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്നും പോലീസ് സമരക്കാരെ അറിയിച്ചു.

ഇതോടെ പോലീസിന്റെ വിലക്ക് ലംഘിച്ച് മാർച്ചുമായി മുന്നോട്ട് പോകേണ്ടെന്നും സമാധാനപരമായി തന്നെ സമരവുമായി മുന്നോട്ട് പോകാമെന്നും പ്രക്ഷോഭകർ തീരുമാനിക്കുകയായിരുന്നു. ഇതോടെ മാർച്ച് അവസാനിപ്പിച്ച് ഇവർ സമരപ്പന്തലിലേക്കുതന്നെ മടങ്ങി.

Exit mobile version