ഡൽഹിയിലെ ഭാഷയുമായി ബിഹാറിലേക്ക് വരേണ്ട; ബിജെപിയോട് സഖ്യകക്ഷിയായ എൽജെപി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഉപയോഗിച്ച വിദ്വേഷ പ്രസംഗങ്ങളെ തള്ളി സഖ്യ കക്ഷിയായ എൽജെപി രംഗത്ത്. ബിജെപി നേതാക്കൾ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുമായി ബിഹാർ തെരഞ്ഞെടുപ്പിനേയും നേരിടാമെന്ന് കരുതേണ്ടെന്നാണ് എൽജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ വർഷം നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ഇത്തരം ഭാഷകൾ നിയന്ത്രിക്കണമെന്ന് പാസ്വാൻ ആവശ്യപ്പെട്ടു. ‘ബിഹാർ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പ്രദേശിക വികസന വിഷയങ്ങളാണ് പ്രചാരണ ആയുധമാക്കേണ്ടത്. ഭാഷകൾ നിർബന്ധമായും നിയന്ത്രിക്കപ്പെടണം’ പാസ്വാൻ പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ കനത്ത തോൽവിക്ക് പിന്നാലെയായിരുന്നു പാസ്വാന്റെ പ്രതികരണം.

പ്രതിഷേധക്കാരെ വെടിവെക്കാൻ ആഹ്വാനം ചെയ്തതടക്കമുള്ള വിവാദ പരാമർശങ്ങൾ തിരിച്ചടി ആയെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. 70 അംഗ ഡൽഹി നിയമസഭയിൽ എട്ടു സീറ്റുകൾ മാത്രമാണ് ബിജെപി നേടിയത്.

Exit mobile version