പ്രണയിക്കില്ല, പ്രണയിച്ച് വിവാഹം ചെയ്യില്ല; പ്രണയദിനത്തില്‍ വിദ്യാര്‍ത്ഥിനികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് അധ്യാപകര്‍

മഹാരാഷ്ട അമരാവതിയിലെ ഗേള്‍സ് കോളേജിലെ അധ്യാപകരാണ് ഈ പ്രതിജ്ഞ വിദ്യാര്‍ത്ഥിനികളെ കൊണ്ട് ചെയ്യിച്ചത്.

അമരാവതി: ‘രക്ഷിതാക്കളില്‍ എനിക്ക് പരിപൂര്‍ണ വിശ്വാസമാണെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. സമീപ കാലത്ത് ചുറ്റുവട്ടത്ത് നടക്കുന്ന നിരവധി സംഭവങ്ങളെ പരിഗണിച്ച് പ്രണയത്തില്‍ കെട്ടുപിണയുകയോ പ്രണയ വിവാഹത്തില്‍ ഏര്‍പ്പെടുകയോ ചെയ്യില്ല. സ്ത്രീധനം ആവശ്യപ്പെടുന്നവരെയും ഞാന്‍ വിവാഹം ചെയ്യില്ല. സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിച്ച് ഭാവിയിലെ ഒരു അമ്മയെന്ന നിലയില്‍ മാതാപിതാക്കള്‍ സ്ത്രീധനം നല്‍കി എന്നെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ത്തന്നെയും എന്റെ മരുമകളുടെ മാതാപിതാക്കളില്‍ നിന്ന് ഞാന്‍ സ്ത്രീധനം സ്വീകരിക്കില്ല, എന്റെ മകളുടെ വിവാഹത്തിന് സ്ത്രീധനം നല്‍കുകയുമില്ല. ദൃഢവും ആരോഗ്യപരവുമായ ഇന്ത്യക്കുവേണ്ടി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു’.

പ്രണയദിനത്തില്‍ വിദ്യാര്‍ത്ഥിനികളെ കൊണ്ട് അധ്യാപകര്‍ ചൊല്ലിച്ച പ്രതിജ്ഞയാണ് ഇത്. മഹാരാഷ്ട അമരാവതിയിലെ ഗേള്‍സ് കോളേജിലെ അധ്യാപകരാണ് ഈ പ്രതിജ്ഞ വിദ്യാര്‍ത്ഥിനികളെ കൊണ്ട് ചെയ്യിച്ചത്. ആരോഗ്യമുള്ളതും ശക്തവുമായ ഇന്ത്യയ്ക്കുവേണ്ടി വിദ്യാര്‍ത്ഥിനികളെ സജ്ജരാക്കുന്നു എന്ന വിശദീകരണമാണ് ഈ പ്രവര്‍ത്തിക്ക് അധ്യാപകര്‍ക്കുള്ളത്. മഹിള കലാ വാണിജ്യ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളെക്കൊണ്ടാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചത്.

വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വിവാഹത്തെക്കുറിച്ച് ഇപ്പോഴേ ചിന്തിക്കാതിരിക്കാനുമാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചതെന്നാണ് കോളേജ് പ്രിന്‍സിപ്പളിന്റെ വാദം. രക്ഷിതാക്കള്‍ കുട്ടികളെ കോളേജിലേക്കയച്ചത് പഠിക്കാനാണെന്നും ചില വിദ്യാര്‍ത്ഥികള്‍ അത് അവഗണിച്ച് പ്രണയത്തിന് പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Exit mobile version