കോണ്‍ഗ്രസിന്റെ നിലവിലെ സ്ഥിതി അങ്ങേയറ്റം നിരാശയുണ്ടാക്കുന്നു, ജനങ്ങളിലേക്ക് ഇറങ്ങിയേ മതിയാവൂ; ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി അങ്ങേയറ്റം നിരാശാജനകമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ഡല്‍ഹിയിലെ ദയനീയ പ്രകടനത്തെ കണക്കിലെടുത്ത് പാര്‍ട്ടിയുടെ സമീപനരീതി മാറേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

‘കോണ്‍ഗ്രസിന് പുതിയരീതിയും പുതിയ സമീപനവും അനിവാര്യമായിരിക്കുന്നു. നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതാണ്. കാലം മാറി, രാജ്യവും മാറിയിരിക്കുന്നു. നാം ജനങ്ങളിലേയ്ക്ക് ഇറങ്ങിയേ മതിയാവൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏതാനും സംസ്ഥാനങ്ങളില്‍ നാം സര്‍ക്കാരുണ്ടാക്കി’, അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ പ്രകടനത്തെ തുടര്‍ന്ന് സമീപനരീതി മാറണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വയം അഴിച്ചുപണിയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍ നാം അപ്രസക്തരാകുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ധാര്‍ഷ്ട്യം മാറ്റിവെക്കണം. അധികാരമില്ലാതായിട്ട് ആറ് വര്‍ഷമായെങ്കിലും ഇപ്പോഴും മന്ത്രിമാരെപ്പോലെയാണ് നമ്മില്‍ പലരും പലപ്പോഴും പെരുമാറുന്നത്. പാര്‍ട്ടിയുടെ ഉള്ളടക്കവും രീതിയും മാറിയേ തീരൂ എന്നും ജയ്‌റാം രമേശ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തിയത്.

Exit mobile version