തൊലി പൊളിക്കാത്ത നിലക്കടലക്കുള്ളിലും മീറ്റ് ബോള്‍സിനുള്ളിലും വിദേശ കറന്‍സികള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കള്ളക്കടത്തുകാരുടെ പുതിയ മാര്‍ഗങ്ങള്‍ കണ്ട് അമ്പരന്ന് അധികൃതര്‍

ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കള്‍ക്കുള്ളില്‍ വിദേശ കറന്‍സി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തൊലി പൊളിക്കാത്ത നിലക്കടലക്കുള്ളിലും മീറ്റ് ബോള്‍സിനുള്ളിലും ബിസ്‌കറ്റ് പാക്കറ്റിനുള്ളിലുമൊക്കെ കറന്‍സി ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച മുറാദ് അലി (25) എന്നയാളാണ് വിമാനത്താവള അധികൃതരുടെ പിടിയിലായത്.

മൂന്നാം ടെര്‍മിനിലില്‍ വിമാനമിറങ്ങിയ മുറാദ് അലിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച കറന്‍സികളെല്ലാം കണ്ടെടുത്തത്. ബാഗിനുള്ളിലുണ്ടായിരുന്ന തൊലി പൊളിക്കാത്ത നിലക്കടലക്കുള്ളിലും മീറ്റ് ബോള്‍സിനുള്ളിലും ബിസ്‌കറ്റ് പാക്കറ്റിനുള്ളിലുമാണ് മുറാദ് വിദേശ കറന്‍സികള്‍ ഒളിപ്പിച്ചിരുന്നത്.

മുറാദിന്റെ ബാഗും മറ്റും പരിശോധിച്ചപ്പോള്‍ ആദ്യനോട്ടത്തില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് അധികൃതര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. ഏകദേശം 45 ലക്ഷത്തോളം രൂപയുടെ വിദേശകറന്‍സിയാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം സിഐഎസ്എഫ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വിദേശ കറന്‍സി കടത്തിനായി കള്ളക്കടത്തുകാര്‍ സ്വീകരിച്ച പുതിയമാര്‍ഗങ്ങള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് അധികൃതര്‍ ഒന്നടങ്കം.

Exit mobile version