രജനീകാന്തും കമൽ ഹാസനും സഖ്യത്തിനൊരുങ്ങുന്നു; ചർച്ച നടത്തിയെന്ന് മക്കൾ നീതി മയ്യം

ചെന്നൈ: കമൽ ഹാസനും രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന രജനീകാന്തും തമ്മിൽ രാഷ്ട്രീയ സഖ്യം സംബന്ധിച്ച ചർച്ചകൾ നടത്തിയതായി സൂചന. വിഷയത്തിൽ ഇരുതാരങ്ങളും പ്രാഥമിക ചർച്ചകൾ നടത്തിയതായി മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് ഡോ.മഹേന്ദ്രനാണ് അറിയിച്ചത്.

രാഷ്ട്രീയ സഖ്യം വേണമെന്ന കാര്യത്തിൽ ഇരുവർക്കും ഒരേ ഏകാഭിപ്രായമാണെന്നും മഹേന്ദ്രൻ ഈറോഡിൽ നടന്ന പാർട്ടി പ്രവർത്തക യോഗത്തിൽ വ്യക്തമാക്കി.

അതേസമയം, കമൽ ഹാസനും രജനീകാന്തും തമ്മിൽ നടത്തിയ ചർച്ചകൾ പുതിയ ചലച്ചിത്രം സംബന്ധിച്ചതാണെന്നാണ് സോഷ്യൽമീഡിയിലടക്കം പ്രചരിച്ചിരുന്നത്. ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ മഹേന്ദ്രൻ. കമൽഹാസൻ നിർമ്മിച്ച് രജനി നായകനാകുന്ന ചിത്രത്തെ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ മക്കൾ നീതി മയ്യം തന്നെ നടത്തിയിരിക്കുന്നത്. രജനിയുമായി സഖ്യത്തിനു തയ്യാറാണെന്ന സൂചന നേരത്തെ പലതവണ കമൽ ഹാസൻ നൽകിയിരുന്നു. എന്നാൽ ഇരുവരുടെയും രാഷ്ട്രീയ ആശങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെന്നും അതിനാൽ സഖ്യം എളുപ്പമല്ലെന്നുമാണ് നിരീക്ഷകരുടെ പക്ഷം.

Exit mobile version