‘ബിരിയാണി വിപ്ലവം’; ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന് പിന്നാലെ ഡല്‍ഹിയില്‍ ബിരിയാണിക്ക് ആവശ്യക്കാരേറി; ഇത് ബിജെപിക്കുള്ള മറുപടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ച് കയറിയതോടെ ഹോട്ടലുകളില്‍ ബിരിയാണി വില്‍പ്പനയും പൊടിപൊടിക്കുകയാണ്. ശാഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ആം ആദ്മി പാര്‍ട്ടി ബിരിയാണി വിളമ്പുന്നുവെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കളുടെ പരാമര്‍ശത്തിന് മറുപടിയാണ് ഡല്‍ഹിയിലെ ഈ ബിരിയാണി ‘വിപ്ലവം’.

എഎപി വിജയിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ ബിരിയാണി വില്‍പ്പനയില്‍ വന്‍ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം ബിരിയാണി കഴിച്ച് ആഘോഷിക്കുന്ന പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിറഞ്ഞിരുന്നു.

ആവശ്യക്കാര്‍ പെട്ടെന്ന് കൂടിയതോടെ ചില റെസ്റ്റോറന്റുകള്‍ ബിരിയാണിക്ക് പലതരം ഓഫറുകളും പ്രഖ്യാപിച്ചു. ഒരു ബിരിയാണിക്ക് ഒരു ബിരിയാണി സൗജന്യം എന്ന നിലയില്‍ വരെ കച്ചവടം നടന്നതായി ഹോട്ടലുടമകള്‍ പറയുന്നു.

Exit mobile version