ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് വേണ്ട; ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിലെ ഇതു സംബന്ധിച്ച കര്‍ശന വ്യവസ്ഥകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മാര്‍ച്ച് 31 വരെ കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ തല്‍ക്കാലം ഡ്രൈവിങ് ടെസ്റ്റ് ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിലെ ഇതു സംബന്ധിച്ച കര്‍ശന വ്യവസ്ഥകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മാര്‍ച്ച് 31 വരെ കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു.

2019 ഒക്ടോബര്‍ മുതല്‍ കേന്ദ്ര നിയമഭേദഗതിയെത്തുടര്‍ന്ന് ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു. പുതിയ നിയമം അനുസരിച്ച് ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ പിഴ നല്‍കി പുതുക്കാന്‍ കഴിയുകയുള്ളൂ.

ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ലേണേഴ്സ്, എട്ട് അഥവാ എച്ച്, റോഡ് ടെസ്റ്റ് എന്നിവ വീണ്ടും പാസാകണം തുടങ്ങിയവയായിരുന്നു വ്യവസ്ഥകള്‍.

എന്നാല്‍ പുതിയ ഉത്തരവ് അനുസരിച്ച് കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വാഹനം ഓടിച്ചു കാണിക്കേണ്ട. മാര്‍ച്ച് 31 വരെയാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനത്ത് നിര്‍ദ്ദേശം പെട്ടെന്ന് നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു. ഇതേ തുടര്‍ന്നാണ് മാര്‍ച്ചുവരെ ഇളവ് നല്‍കിയത്.

ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുള്ളിലാണെങ്കില്‍ അപേക്ഷാഫീസും പിഴയും അടച്ചാല്‍ ലൈസന്‍സ് പുതുക്കി നല്‍കും. ഇതു സംബന്ധിച്ച് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗത സെക്രട്ടറി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.

Exit mobile version