ആപ്പിനെ വിട്ട് കോൺഗ്രസിലും ബിജെപിയിലും ചേക്കേറി ‘ആപ്പിലായി’ ചിലർ

ന്യൂഡൽഹി: ഏകപക്ഷീയമായ വിജയത്തോടെ രാജ്യത്തെ തന്നെ ഞെട്ടിച്ച് ഭരണത്തിലേറിയ ആം ആദ്മി പാർട്ടി രണ്ടാം തവണയും ചരിത്ര വിജയം ആവർത്തിച്ചപ്പോൾ പണി കിട്ടിയത് പിണങ്ങി പോയവർക്ക്. രാജ്യം ഭരിക്കുന്നവരേയും മുമ്പ് ഭരിച്ചിരുന്നവരേയും ഒരു ദയയുമില്ലാതെയാണ് ആം ആദ്മി തോൽവിയുടെ കയ്പ്‌നീർ കുടിപ്പിച്ചത്.

ആപ്പ് ഉപേക്ഷിച്ച് മറ്റ് പാർട്ടികളിൽ ചേക്കേറിയവരോടും ജനങ്ങൾ പ്രതിപത്തി കാണിച്ചില്ല. ഒരു പക്ഷെആം ആദ്മി ടിക്കറ്റിൽ മത്സരിച്ചിരുന്നെങ്കിൽ വലിയമാർജിനിൽ ജയിക്കേണ്ടിയിരുന്നവരാണ് തോൽവിയറിഞ്ഞത്. ആപ്പ് വിട്ട് കൂടുമാറിയവരെ എട്ട് നിലയിലാണ് വോട്ടർമാർ പൊട്ടിച്ച് കൈയ്യിൽ കൊടുത്തത്. ഇവരൊക്കെ ആകട്ടെ ആം ആദ്മി ടിക്കറ്റിൽ വൻ മാർജിനിൽ വിജയിച്ചവരുമായിരുന്നു. ഇത്തവണ അൽക്ക ലാംപ, ആദർശ് ശാസ്ത്രി, കപിൽ മിശ്ര എന്നിവരാണ് ആപ്പിനെ വിട്ട് കോൺഗ്രസ്, ബിജെപി പാർട്ടികളിൽ ചേർന്ന് ജനവിധി തേടിയത്.

അൽക്ക ലാംപ: ഒരിക്കൽ ചരിത്ര വിജയം നേടി തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ചരിത്രമാണ് അൽക്കയ്ക്ക് പറയാനുള്ളത്. കോൺഗ്രസ് രാഷ്ട്രീയത്തിലൂടെ വന്ന് ആംആദ്മിയിലേക്ക് കൂടുമാറി എംഎൽഎ ആയി വിജയിച്ച് വ്യക്തിയാണ് അൽക്ക. പിന്നീട് കോൺഗ്രസിലേക്ക് തിരിച്ച് പോയി ചാന്ദ്നി ചൗക്കിൽ നിന്ന് ജനവിധി തേടി. പക്ഷേ പരാജയം നുകരാനായിരുന്നു വിധി. 47,010 വോട്ടുകൾക്കാണ് അൽക്ക എഎപിയുടെ പ്രഹ്ലാദ് സിങ് സാഹ്നിയോട് പരാജയപ്പെട്ടത്. അഭിഭാഷക കൂടിയായ അൽക ലാംപ പൊതുപ്രവർത്തനം ആരംഭിക്കുന്നത് 1994 ൽ കോൺഗ്രസിലൂടെയാണ്. പക്ഷേ 2013ൽ ആപ്പ് തരംഗത്തിനിടെ അൽക ആം ആദ്മിയിൽ ചേർന്നു. 2019ൽ ആംആദ്മി വിടുകയും ചെയ്തു.

അതേസമയം, വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ അൽക്കയ്ക്കായിരുന്നു ലീഡ്. സംസ്ഥാനത്തെ കോൺഗ്രസിന്റെ പേരിന് താഴെ രേഖപ്പെടുത്തിയ ഏക ലീഡ് ആദ്യമണിക്കൂറിൽ അൽക്കയുടെ പേരിലായിരുന്നു. പക്ഷേ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ 3881 വോട്ടുകൾ മാത്രം നേടി അൽക്കയ്ക്ക് ആം ആദ്മി, ബിജെപി സ്ഥാനാർത്ഥികൾക്ക് പിന്നിൽ മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ആദർശ് ശാസ്ത്രി: മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കൊച്ചുമകനായ ആദർശ് ശാസ്ത്രിയും കഴിഞ്ഞ തവണ ആം ആദ്മി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച വ്യക്തിയാണ്. ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ആദർശ് ആം ആദ്മിയോട് പിണങ്ങി കോൺഗ്രസിൽ ചേർന്നത്. ദ്വാരകയിൽ നിന്ന് ജനവിധി തേടിയ ആദർശിന് പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു. ആം ആദ്മിയുടെ വിനയ് മിശ്ര വിജയിച്ച മണ്ഡലത്തിലെ മൂന്നാം സ്ഥാനക്കാരൻ മാത്രമാണ് ഇപ്പോൾ ആദർശ്.

കപിൽ മിശ്ര: ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതാക്കളോടൊപ്പം വേദി പങ്കിട്ടതിനെ തുടർന്നാണ് കപിൽ മിശ്ര പാർട്ടിക്ക് പുറത്തേക്ക് പോകുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഉൾപ്പടെയുള്ള പ്രമുഖർക്ക് എതിരെ അഴിമതി ആരോപണം ഉയർത്തിയാണ് കപിൽ പടിയിറങ്ങിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഡൽഹി നിയമസഭ അയോഗ്യനാക്കിയിരുന്നു. പിന്നീട് ബിജെപിയിൽ ചേർന്ന് നരേന്ദ്ര മോഡിയുടെ വലിയ ആരാധകനെന്ന പേരും ഏറ്റുവാങ്ങി. ഒടുവിൽ ആം ആദ്മി വിട്ട മറ്റുള്ളവരുടെ വിധി തന്നെയാണ് ആദർശിനേയും തേടിയെത്തിയത്. ബിജെപി ടിക്കറ്റിൽ മോഡൽ ടൗണിൽ നിന്നാണ് കപിൽ മിശ്ര ജനവിധി തേടിയത്. തുടക്കത്തിൽ ലീഡ് നിലനിർത്തിയെങ്കിലും അവസാന മണിക്കൂറുകളിൽ 11,133 വോട്ടിന് മിശ്ര എഎപിയുടെ അഖിലേഷ് ത്രിപാഠിക്ക് പിന്നിലായി.

Exit mobile version