വിജയാഘോഷങ്ങള്‍ക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എയ്ക്ക് നേരെ വധശ്രമം; വെടിവെയ്പ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എയുടെ വാഹന വ്യൂഹത്തിനു നേരെയുണ്ടായ വെടിവെയ്പ്പില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ മഹറൗലി നിന്നുള്ള പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിനു നേരെയാണ് വെടിവെയ്പ്പുണ്ടായത്. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.

സംഭവത്തില്‍ പ്രവര്‍ത്തകനായ അശോക് മാനാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയാലാണ്. ഇന്നലെ രാത്രി11 മണിയോടെയായിരുന്നു നരേഷ് യാദവിനും സംഘത്തിനും നേരെ ആക്രമണമുണ്ടായത്.

തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോഴാണ് നരേഷ് യാദവിനും അദ്ദേഹത്തെ അനുഗമിച്ച പ്രവര്‍ത്തകര്‍ക്കും നേരെ വെടിവെയ്പ്പുണ്ടായത്. സംഭവം ശരിക്കും നിര്‍ഭാഗ്യകരമാണെന്നും ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നും നരേഷ് യാദവ് പറഞ്ഞു.

അപ്രതീക്ഷിതമായാണ് വെടിവെപ്പുണ്ടായത്. നാല് റൗണ്ടുകള്‍ വെടിവെച്ചു. ഞാന്‍ ഉണ്ടായിരുന്ന വാഹനം ആക്രമിക്കപ്പെട്ടു. പോലീസ് ശരിയായി അന്വേഷിച്ചാല്‍ അക്രമിയെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്ന് 6 ബുള്ളറ്റുകള്‍ കണ്ടെടുത്തു. എംഎല്‍എയ്ക്ക് നേരെ ആക്രമണമുണ്ടായതും പാര്‍ട്ടിപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട വിവരവും എഎപി ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്.

Exit mobile version