ഐ ലവ് യൂ, ഭഗവാന്‍ ഹനുമാന്‍ അനുഗ്രഹിച്ചു; ഡല്‍ഹിയിലെ ജനങ്ങളോട് കെജ്രിവാള്‍

ന്യൂഡല്‍ഹി: തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ ജനങ്ങളോട് ഐ ലവ് യൂ എന്ന് പറഞ്ഞുകൊണ്ട് കെജ്രിവാള്‍ നന്ദിയും സ്‌നേഹവും അറിയിച്ചു. ഇത് എന്നെ മകനായി കണക്കാക്കിയവരുടെ വിജയമാണെന്ന് കെജ്രിവാള്‍ പറഞ്ഞു.

മൂന്നാം തവണയും ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ അരവിന്ദ് കെജ്രിവാള്‍ ഈ വിജയം രാജ്യത്തിനുള്ള സന്ദേശമാണെന്നും വ്യക്താക്കി. ‘ഇത് എന്നെ മകനായി കണക്കാക്കിയവരുടെ വിജയമാണ്. ഡല്‍ഹിക്കാരുടെ മാത്രം വിജയമല്ല ഇന്ത്യക്കാരുടെ മുഴുവന്‍ വിജയമാണ് ഇത്. ഡല്‍ഹിയിലെ ജനങ്ങളെ ഭഗവാന്‍ ഹനുമാന്‍ അനുഗ്രഹിച്ചു.” കെജ്രിവാള്‍ പറഞ്ഞു.

”ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്. തെരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്, അത് വാഗ്ദാനങ്ങളുടേതല്ല, പ്രവൃത്തിയുടെ രാഷ്ട്രീയമാണെന്നും’ കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അവസാനഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 63 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്. വന്‍ വിജയത്തിന് പിന്നാലെ ജന്തര്‍മന്തറിലേക്ക് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നടക്കുന്ന റോഡ് ഷോ ഉടന്‍ ആരംഭിക്കും.

Exit mobile version