ആം ആദ്മിയുടെ ഡൽഹി വിജയത്തിനിടെ ട്വിറ്ററിൽ താരമായി ഈ ‘മിനി’ കെജരിവാൾ

ന്യൂഡൽഹി: അഴിമതിക്കെതിരായ പോരാട്ടം നടത്തി സോഷ്യൽമീഡിയയിലടക്കം താരമായതിന് ശേഷമാണ് അരവിന്ദ് കെജരിവാളെന്ന താരോദയം ഉണ്ടായത്. ബിജെപിയേയും കോൺഗ്രസിനേയും തറപറ്റിച്ച് രണ്ടാം തവണയും ഭരണമുറപ്പിച്ച ആം ആദ്മിയുടെ നട്ടെല്ലാണ് അരവിന്ദ് കെജരിവാൾ. മൂന്നാം തവണയും തെരഞ്ഞെടുപ്പിലൂടെ ആം ആദ്മിയെ തന്നെയാണ് ജനങ്ങൾ ഭരണകർത്താക്കളായി തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം ചർച്ചയാവുന്നതിനിടെ ഒരു ‘മിനി കെജരിവാൾ’ ആണ് സോഷ്യൽമീഡിയയിൽ താരമാകുന്നത്. കെജരിവാളിനെപ്പോലെ തന്നെ തൊപ്പി വച്ച്, കഴുത്തിൽ മഫ്‌ളർ ചുറ്റി, കണ്ണട വച്ച്, മെറൂൺ കളറിലുളള ജാക്കറ്റുമായി, കുഞ്ഞു താടിയും മീശയും വരച്ച് ചേർത്താണ് കുഞ്ഞു കെജരിവാൾ ട്വിറ്ററിൽ വെറലാകുന്നത്.

വോട്ടെണ്ണൽ ആരംഭിച്ച നിമിഷങ്ങൾക്കുള്ളിലാണ് ആം ആദ്മി പാർട്ടി തങ്ങളുടെ ട്വിറ്റർ പേജിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘മഫ്‌ളർ മാൻ’ എന്നാണ് ഈ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി ലൈക്കുകളും ഷെയറുകളുമാണ് ഈ ഫോട്ടോ നേടിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ നിരവധി ആരാധകർ കെജരിവാളിനെ മഫ്‌ളർ മാൻ എന്നാണ് വിശേഷിപ്പിക്കുന്നത്.

Exit mobile version