മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ചെന്നൈ: മൂന്ന് ദിവസത്തിനകം ആദായ നികുതി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ്ക്ക് നോട്ടീസ്. സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

‘ബിഗില്‍’ എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടന്‍ വിജയിയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടന്റെ സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചു. പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടു നിന്നു.

എന്നാല്‍ നടന്‍ വിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പ്.

അതേസമയം, ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമ അന്‍പുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടില്‍ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്റെ വിശദീകരണം വന്നിരുന്നു.

Exit mobile version