ഡല്‍ഹിയില്‍ എഎപി വിജയിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍; രോഷമടക്കാനാവാതെ തുള്ളിച്ചാടി ബിജെപിയുടെ സ്വന്തം അവതാരകന്‍; ഏറ്റെടുത്ത് ട്രോളന്മാര്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ എഎപി വിജയിക്കുമെന്ന് പ്രഖ്യാപിച്ചതോടെ രോഷകുലനായി സീ ന്യൂസിലെ ബിജെപി സൗഹൃദ അവതാരകന്‍ സുധീര്‍ ചൗധരി. അവതാരകന്റെ രോഷ പ്രകടനത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സംഭവം ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്.

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് സുധീറിനെ പ്രകോപിപ്പിച്ചത്. ഡല്‍ഹി ജനതക്കെതിരെയാണ് സുധീര്‍ കോപാകുലനായത്. ഡല്‍ഹി നിവാസികള്‍ക്ക് ബാലകോട്ട് വ്യോമാക്രമണമോ അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മാണമോ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോ ഒന്നുമൊരു വിഷയമല്ലെന്ന് രോഷാകുലനായി സുധീര്‍ ചൗധരി പറഞ്ഞു.

”രാജ്യം വിഭജിക്കപ്പെടുന്നതും അവര്‍ക്ക് വിഷയമല്ല. അവര്‍ പ്രാദേശിക പ്രശ്‌നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ദേശീയ പ്രാധാന്യമുള്ള ഗൗരവമുള്ള വലിയ പ്രശ്‌നങ്ങളെക്കുറിച്ചല്ല. ഡല്‍ഹിയിലെ ആളുകള്‍ മടിയന്മാരാണ്. അവരുടെ കാഴ്ചപ്പാടുകള്‍ അവരുടെ സ്മാര്‍ട്ട്ഫോണുകള്‍ വഴി മാത്രമേ പങ്കിടാന്‍ ആഗ്രഹിക്കുന്നുള്ളൂ, മാത്രമല്ല വോട്ടുചെയ്യാനും അവര്‍ ആഗ്രഹിക്കുന്നില്ല.” – സുധീര്‍ കൂട്ടിച്ചേര്‍ത്തു.
മോഡിയെയും ബിജെപിയെയും പിന്തുണക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് സുധീര്‍ ചൗധരി.

Exit mobile version