ഹൈന്ദവരാണ് ഇന്ത്യയുടെ കാതൽ; ആരെങ്കിലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നെങ്കിൽ അവർ ഹൈന്ദവർക്കായി പ്രവർത്തിക്കണം: ആർഎസ്എസ് ജനറൽ സെക്രട്ടറി

പനാജി: ഇന്ത്യയുടെ കാതൽ ഹൈന്ദവ സമുദായമാണെന്ന അഭിപ്രായവുമായി ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ഹിന്ദുവിന്റെ ശാക്തീകരണത്തിന് വേണ്ടിയും പ്രവർത്തിക്കണമെന്ന് സുരേഷ് ഭയ്യാജി ആഹ്വാനം ചെയ്തു. ‘വിശ്വഗുരു ഭാരത് ആർഎസ്എസ് കാഴ്ചപ്പാടിൽ’ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഗോവയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈന്ദവരാണ് ഇന്ത്യയുടെ കാതൽ. പൗരാണിക കാലം മുതൽ തന്നെ ഇന്ത്യയുടെ വളർച്ചയ്ക്കും താഴ്ചയ്ക്കും സാക്ഷിയായവരാണ് ഹിന്ദു. ഇന്ത്യയെ ഹിന്ദുവിൽ നിന്നും വേർതിരിക്കാനാവില്ല. എല്ലാക്കാലത്തും രാജ്യത്തിന്റെ കാതലായിരുന്നു ഹിന്ദു. അതുകൊണ്ട്, ആരെങ്കിലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ഹൈന്ദവ സമുദായത്തിന്റെ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കണം.-സുരേഷ് ഭയ്യാജി പറഞ്ഞു.

ഹിന്ദു എന്നാൽ വർഗീയവാദികളോ വിദ്വേഷമുയർത്തുന്നവരോ അല്ല.ഹിന്ദുക്കളെ ശാക്തീകരിക്കുക, അവരിൽ അവബോധമുയർത്തുക എന്നുവച്ചാൽ അത് മറ്റുസമുദായക്കാർക്കെതിരെ പ്രവർത്തിക്കുക എന്നല്ല. ആരും അങ്ങനെ കരുതരുത്. ഹിന്ദുക്കൾ ശക്തിപ്പെടുന്നത് മനുഷ്യകുലത്തിനും സമൂഹത്തിനുമാണ് പ്രയോജനപ്പെടുന്നത്. അതുകൊണ്ടുതന്നെ ഹിന്ദുവിന് വേണ്ടി പ്രവർത്തിക്കാൻ ആരും മടിക്കേണ്ടതില്ലെന്നും സുരേഷ് ഭയ്യാജി അഭിപ്രായപ്പെട്ടു.

Exit mobile version