അയോധ്യയില്‍ വിഎച്ച്പിയുടെയും ശിവസേനയുടെയും റാലി; ഭയത്തിന്റെ നിഴലില്‍ മുസ്ലീങ്ങള്‍; നിരവധിപേര്‍ പാലായനം ചെയ്തു; 1992 ആവര്‍ത്തിക്കുമോയെന്ന് ഭീതി

അയോധ്യയില്‍ വിഎച്ച്പിയും ശിവസേനയും റാലി നടത്താനിരിക്കെ ഭയത്തില്‍ ന്യൂനപക്ഷവിഭാഗത്തിലുള്ള പ്രദേശവാസികള്‍.

അയോധ്യ: രാമക്ഷേത്രം നിര്‍മ്മാണം ഉടന്‍വേണമെന്നം കേന്ദ്ര സര്‍ക്കാര്‍ ഓഡിനന്‍സ് പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട് അയോധ്യയില്‍ വിഎച്ച്പിയും ശിവസേനയും റാലി നടത്താനിരിക്കെ ഭയത്തില്‍ ന്യൂനപക്ഷവിഭാഗത്തിലുള്ള പ്രദേശവാസികള്‍. റാലിക്ക് മുന്നോടിയായി മുസ്ലീങ്ങള്‍ പലായനം ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 1992 ഡിസംബര്‍ ആവര്‍ത്തിക്കുമോയെന്ന ഭയമുണ്ടെന്നും അതിനാല്‍ സ്ഥിതി ശാന്തമാകുന്നതുവരെ ഇവിടം വിട്ടുപോകാനാണ് തീരുമാനമെന്നുമാണ് പ്രദേശവാസികളായ മുസ്ലീങ്ങള്‍ പറയുന്നത്.

നിരവധി കുടുംബങ്ങള്‍ ഇതിനകം തന്നെ സുരക്ഷിത സ്ഥാനം തേടി ഇവിടെ നിന്നും പോയി. മറ്റുള്ളവര്‍ കുട്ടികളേയും സ്ത്രീകളേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

ഹിന്ദുക്കളുമായോ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനോടോ തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും പക്ഷേ 1992 ആവര്‍ത്തിക്കുമോയെന്ന ഭീതിയുണ്ടെന്നും പ്രദേശത്തെ മുസ്ലിങ്ങള്‍ പറയുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിനുശേഷം പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ നിരവധി മുസ്ലിങ്ങളാണ് ഈ മണ്ണില്‍ മരിച്ചുവീണത്.

ബാബറി മസ്ജിദ് തകര്‍ത്തതിനുശേഷം നടന്ന അക്രമത്തില്‍ 18 മുസ്ലീങ്ങള്‍ കൊല്ലപ്പെടുകയും പ്രദേശത്തെ 23 പള്ളികള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ കേസുകളൊന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അയോധ്യയിലേക്ക് ആള്‍ക്കൂട്ടം എത്തിയാല്‍ അക്രമസംഭവങ്ങളുണ്ടാകുമോയെന്ന ഭീതിയിലാണ് പ്രദേശവാസികളായ മുസ്ലീങ്ങളെന്ന് ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രധാന ഹര്‍ജിക്കാരിലൊരാളായിരുന്ന ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു.

‘ജില്ലാ ഭരണകൂടം പറയുന്നത് ആളുകള്‍ ഇവിടെ വരുന്നത് അവരുടെ ദൈവത്തെ സന്ദര്‍ശിക്കാനായാണെന്നാണ്. പക്ഷേ അവരുടെ മനസിലെന്താണെന്ന് ആര്‍ക്കറിയാം. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം അടുത്തിരിക്കെയാണ് ഈ സന്ദര്‍ശനം.’ അദ്ദേഹം പറയുന്നു.

Exit mobile version