ബിജെപിക്ക് തിരിച്ചടി; ശാഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത യുവാവ് മോഡിയുടെയും അമിത് ഷായുടെയും അനുയായിയാണെന്ന് വെളിപ്പെടുത്തി പിതാവ്

ന്യൂഡല്‍ഹി: ശാഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത തന്റെ മകന്‍ നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും അനുയായിയാണെന്ന് കപില്‍ ഗുജ്ജാറിന്റെ പിതാവ്. നേരത്തെ തന്റെ മകന്‍ എഎപിക്കാരനല്ലെന്ന് പിതാവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് കപില്‍ ഗുജ്ജാര്‍ മോഡിയുടെയും അമിത് ഷായുടെയും അനുയായിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

കപില്‍ ഗുജ്ജാറിന്റെ പിതാവ് ഇക്കാര്യം വെളിപ്പെടുത്തിയതോടെ അക്രമി എഎപിക്കാരനാണെന്ന് പറഞ്ഞ ഡല്‍ഹി പോലീസും ബിജെപിയും വെട്ടിലായി. ശാഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാര്‍ ആം ആദ്മി അംഗമാണെന്ന് സമ്മതിച്ചെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. പിന്നാലെ ഒരു ഫോട്ടോയും പുറത്തുവിട്ടിരുന്നു.

ആം ആദ്മി നേതാക്കളായ സഞ്ജയ് സിങ്, അതിഷി എന്നിവരോടൊപ്പം തൊപ്പി ധരിച്ചു നില്‍ക്കുന്ന കപില്‍ ഗുജ്ജാറിന്റെ ചിത്രമായിരുന്നു അത്. കപില്‍ ഗുജ്ജാറിന്റെ ഫോണില്‍ നിന്ന് ലഭിച്ചതാണ് ഫോട്ടോ എന്നാണ് പോലീസ് പറഞ്ഞത്.

എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ എഎപി നേതാക്കള്‍ പ്രചാരണത്തിനെത്തിയപ്പോള്‍ എല്ലാവരേയും എഎപിയുടെ തൊപ്പികള്‍ ധരിപ്പിച്ചിരുന്നുവെന്നും അതാണ് ഫോട്ടോയില്‍ കണ്ടതെന്നും കപിലിന്റെ പിതാവ് വ്യക്തമാക്കി. ഇതോടെ പോലീസും വെട്ടിലായി.

ഒരു മണിക്കൂറിന് പകരം നാല് മണിക്കൂര്‍ വരെയെടുക്കും കടന്നുപോവാനെന്നതിനാല്‍ ശാഹീന്‍ബാഗില്‍ ഗതാഗതം തടസ്സപ്പെടുന്നതില്‍ കപില്‍ ഗുജ്ജാര്‍ അസ്വസ്ഥനായിരുന്നുവെന്നും മകന്‍ എപ്പോഴും ഹിന്ദുസ്ഥാനെയും ഹിന്ദുത്വത്തെയും കുറിച്ച് സംസാരിക്കാറുണ്ടെന്നും കപിലിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു. പിതാവിന്റെ വെളിപ്പെടുത്തല്‍ ബിജെപിക്കും തിരിച്ചടിയായി.

Exit mobile version