ഡല്‍ഹിയില്‍ ഇന്ന് കൊട്ടിക്കലാശം; തുടര്‍ഭരണം ഉറപ്പിച്ച് ആംആദ്മി, ആത്മവിശ്വാസം കൈവിടാതെ ബിജെപിയും

ബിജെപിക്കിത് അഭിമാന പോരാട്ടം കൂടിയായതിനാല്‍ പോരാട്ടം കൊഴുക്കും എന്നതില്‍ സംശയമില്ല.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്. 70 മണ്ഡലങ്ങളിലെ ജനങ്ങള്‍ മറ്റന്നാള്‍ വിധിയെഴുതും. തുടര്‍ ഭരണം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ആംആദ്മി പാര്‍ട്ടിയെങ്കില്‍ ഡല്‍ഹി പിടിച്ചെ മതിയാകൂ എന്ന ലക്ഷ്യത്തില്‍ ഓടുകയാണ് ബിജെപി നേതൃത്വം. ഇരുനേതൃത്വങ്ങളും മികച്ച പ്രകടനമാണ് പ്രചാരണ വേളയില്‍ കാഴ്ച വെയ്ക്കുന്നത്. ബിജെപിക്കിത് അഭിമാന പോരാട്ടം കൂടിയായതിനാല്‍ പോരാട്ടം കൊഴുക്കും എന്നതില്‍ സംശയമില്ല.

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും കൈവിട്ട നാണക്കേട് മറക്കാനാണ് ഡല്‍ഹി പിടിച്ചേ മതിയാകൂ എന്ന ലക്ഷ്യത്തില്‍ ബിജെപി കച്ചമുറുക്കുന്നത്. അവസാന ദിവസങ്ങളില്‍ ഷഹീന്‍ ബാഗും പൗരത്വ പ്രതിഷേധവും നരേന്ദ്ര മോഡി തന്നെ കളത്തിലിറക്കുകയും ചെയ്തു. റോഡ് ഷോകളിലും റാലികളിലും അമിത് ഷായും തുടക്കം മുതലുണ്ട്. കൈവിട്ട വാക്കുകള്‍ ബിജെപിയുടെ ഉന്നത നേതാക്കള്‍ക്ക് നിരവധി തവണ തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടികളും വാങ്ങിക്കൊടുത്തു. അഞ്ചുകൊല്ലത്തെ കെജരിവാള്‍ ഭരണം അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്ന് ബിജെപി വിശ്വസിക്കുന്നു.

എന്നാല്‍ തുടര്‍ ഭരണം ഉറപ്പിച്ചാണ് ആംആദ്മിയുടെ പോരാട്ടം. തെരഞ്ഞെടുപ്പ് സര്‍വേകളും ആംആദ്മിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. അരവിന്ദ് കെജരിവാള്‍ ജയിക്കും, മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടികാട്ടുന്നു. എബിപി സര്‍വ്വേയുടെ അഭിപ്രായ സര്‍വ്വെയിലും 50 സീറ്റുകളോടെ എഎപി അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. നേരത്തെ പുറത്തുവന്ന അഭിപ്രായ സര്‍വ്വെകളും എഎപിയുടെ ഭരണത്തുടര്‍ച്ചയാണ് ചൂണ്ടികാണിച്ചത്.

Exit mobile version