നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ ചിന്മയാനന്ദിന് വൻസ്വീകരണമൊരുക്കി ബിജെപി; ഇരയെ കുറ്റപ്പെടുത്തി ജഡ്ജിയും വിവാദത്തിൽ

ലഖ്‌നൗ: യുപിയിലെ നിയമവിദ്യാർത്ഥനിയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിന്മായനന്ദിന് വൻ സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ. തിങ്കളാഴ്ച അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച ചിന്മയാനന്ദ് ബുധനാഴ്ചയാണ് പുറത്തെത്തിയത്. ഇതിന് പിന്നാലെ ഷാജഹാൻപുർ ജില്ലാ ജയിൽ പരിസരത്ത് വെച്ചാണ് പൂക്കൾ നൽകിയും പൂമാലയിട്ടും ചിന്മയാനന്ദിന്റെ അനുയായികൾ അദ്ദേഹത്തിന് സ്വീകരണം നൽകിയത്. സ്വാമി ജി മഹാരാജ് കീ ജയ് മുദ്രാവാക്യവും ഇവർ മുഴക്കി. നേരത്തെ, പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബിജെപി ചിന്മയാനന്ദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

അറസ്റ്റിലായി നാല് മാസത്തിന് ശേഷമാണ് ചിന്മയാനന്ദിന് ജാമ്യം അനുവദിക്കുന്നത്. ഏറെ വിവാദമായ കേസിൽ സെപ്റ്റംബർ 20നാണ് ചിന്മയാനന്ദ് അറസ്റ്റിലായത്. സ്വാമി ചിന്മായന്ദ് ഉടമയായ എസ്എസ് കോളേജിലെ വിദ്യാർത്ഥിനിയെയാണ് ചിന്മയാനന്ദ് അഡ്മിഷൻ നൽകി ലൈംഗികമായി പീഡിപ്പിച്ചത്. ചിന്മായനന്ദ് തന്നെ പീഡിപ്പിച്ചെന്ന് കഴിഞ്ഞ ആഗസ്റ്റ് 23ന് പെൺകുട്ടി ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ചിന്മായനന്ദിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു. പിന്നീട് പെൺകുട്ടിയെ കാണാതായി.

ആഗസ്റ്റ് 30ന് പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് കണ്ടെത്തി. അതേസമയം, ചിന്മയാനന്ദ് തന്നെ ബ്ലാക്ക് മെയിൽ ചെയ്‌തെന്ന് കാണിച്ച് നൽകിയ പരാതിയിൽ പെൺകുട്ടിക്കെതിരെയും കേസെടുത്തിരുന്നു. തന്നെ ഭീഷണിപ്പെടുത്തി അഞ്ച് കോടി പെൺകുട്ടിയും സുഹൃത്തും ആവശ്യപ്പെട്ടെന്നാണ് ചിന്മയാനന്ദിന്റെ പരാതി.

അതേസമയം, ചിന്മായനന്ദിന് ജാമ്യം അനുവദിച്ച് കോടതിയ നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്. കന്യകാത്വം നഷ്ടമായ പെൺകുട്ടി മാതാപിതാക്കളോടോ മറ്റോ ഇക്കാര്യം പറയാത്തത് ആശ്ചര്യകരമാണെന്നും അത് ചെയ്യാൻ ശ്രമിക്കാതെ ചിന്മയാനന്ദിനെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് പെൺകുട്ടി ശ്രമിച്ചതെന്നും ജസ്റ്റിസ് രാഹുൽ ചതുർവേദി കുറ്റപ്പെടുത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്.
പെൺകുട്ടിയുടെ സ്വഭാവം വിചിത്രമാണെന്നും കോടതി വിലയിരുത്തിയിരുന്നു.

Exit mobile version