നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കേണ്ട; ഒരുമിച്ച് മതി; കേന്ദ്രത്തിന്റെ ഹർജി ഹൈക്കോടതി തള്ളി

ഡൽഹി: നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാകില്ലെന്ന് ഉറപ്പായി. നാല് പ്രതികളുടേയും ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. എല്ലാ പ്രതികൾക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പിലാക്കിയാൽ മതിയെന്ന് കോടതി നിർദേശിച്ചു. ജയിൽ ചട്ടം ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരോരുത്തരായി പുന:പരിശോധാ ഹർജിയും ദയാഹർജിയും സമർപ്പിക്കുന്നതിലൂടെ ശിക്ഷ നടപ്പാക്കുന്നത് ബോധപൂർവ്വം നീട്ടാനുള്ള തന്ത്രമാണെന്നും ഓരോ പ്രതികളുടെയും ശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ഹർജിയിലെ ആവശ്യം.

ഇത് പരിഗണിച്ച കോടതി നിയമത്തിന്റെ സാങ്കേതികത്വം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രതികൾ നടത്തുന്നതെന്നും അത് അനുവദിക്കാൻ കഴിയില്ലെന്നും നിരീക്ഷിച്ചു. തിരുത്തൽ ഹർജിയും ദയാഹർജിയും അടക്കം കേസിലെ പ്രതികൾക്കുള്ള അവകാശങ്ങളെല്ലാം ഇനിയുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ വിനിയോഗിക്കണമെന്ന് കോടതി നിർദേശിച്ചു. ഈ കാലയളവിന് ശേഷം വിചാരണ കോടതിക്ക് ഉചിതമായ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

Exit mobile version