സൗന്ദര്യം ശാപമായി ഈ ആം ആദ്മി സ്ഥാനാർത്ഥി! വോട്ട് തേടി പോകുന്നിടത്ത് എല്ലാം വിവാഹാലോചനകളുടെ പ്രളയം; വിടാതെ പിന്തുടർന്ന് പെൺകുട്ടികൾ

ന്യൂഡൽഹി: തന്റെ സൗന്ദര്യത്തിന്റെ ആരാധകരെല്ലാം വോട്ട് ചെയ്താൽ വൻമാർജിനിൽ വിജയിക്കാമെന്ന കണക്കുകൂട്ടലിൽ ഒരു സ്ഥാനാർത്ഥി. ഡൽഹി നിമയസഭാ തെരഞ്ഞെടുപ്പ് ഗോദയിലാണ് സൗന്ദര്യവും വോട്ടാക്കി ഈ സ്ഥാനാർത്ഥി പ്രചാരണത്തിൽ മുന്നേറുന്നത്. ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായ രാഘവ് ചദ്ദയ്ക്കാണ് വോട്ട് തേടി പോകുന്നിടത്തു നിന്നെല്ലാം വിവാഹാഭ്യർത്ഥനയും വിവാഹാലോചനകളും ലഭിച്ചുകൊണ്ടിരിക്കുന്നത്.

രാഘവിന്റെ സോഷ്യൽ മീഡിയ മാനേജർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ രാഘവിനെ ഫോളോ ചെയ്യുന്ന യുവതികളാണ് വിവാഹാഭ്യർത്ഥനയുമായി വൻതോതിൽ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ ഒരു യുവതി ട്വിറ്ററിൽ രാഘവിനെ ടാഗ് ചെയ്തുകൊണ്ട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചിരുന്നു. ഇന്ത്യയുടെ സമ്പദ്ഘടന നല്ലരീതിയിൽ അല്ലെന്നും അതിനാൽ വിവാഹം കഴിക്കാൻ അനുയോജ്യമായ സമയമല്ല ഇതെന്നുമായിരുന്നു ഇതിന് രാഘവിന്റെ മറുപടി. അതേസമയം, ഒരു സ്‌കൂളിൽ മീറ്റിങ്ങിനെത്തിയ രാഘവിനോട് സ്‌കൂളിലെ അധ്യാപിക തനിക്കൊരു മകളുണ്ടെങ്കിൽ വിവാഹം ചെയ്തുതരുമായിരുന്നുവെന്ന് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ചൊവ്വാഴ്ച വിവാഹാലോചനകൾ വരുന്നതിനെ കുറിച്ചുള്ള ഒരു വാർത്ത രാഘവിന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ദയവുചെയ്ത് വിവാഹം കഴിക്കരുത്. അതെന്റെ ഹൃദയം തകർക്കുമെന്നായിരുന്നു ഈ വാർത്തയ്ക്ക് ഒരു യുവതി എഴുതിയ കമന്റ്. ചാർട്ടേഡ് അക്കൗണ്ടന്റാണ് രാഘവ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ബിജെപിയുടെ പ്രമുഖ നേതാവായ ആർപി സിങ്ങിനെതിരെയാണ് രാഘവ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

Exit mobile version