തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഷഹീൻ ബാഗ് ജാലിയൻവാലാ ബാഗ് ആവാനുള്ള സാധ്യതയുണ്ട്; വെടിവെയ്പ്പ് നടന്നേക്കുമെന്നും ഒവൈസി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ വെടിവെയ്പ്പിനുള്ള സാധ്യതയുണ്ടെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. തെരഞ്ഞെടുപ്പിന് ശേഷം ഷഹീൻബാഗ് ജാലിയൻവാലാ ബാഗ് ആവാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പരാമർശം.

ബിജെപി മന്ത്രി വെടിവയ്ക്കാനുള്ള പരാമർശം നടത്തിയ സ്ഥിതിക്ക് അങ്ങനെ നടക്കാനുള്ള സാധ്യതകളുണ്ടെന്നാണ് ഒവൈസി എഎൻഐയോട് പ്രതികരിച്ചത്. 2024ൽ എൻആർസി നടപ്പിലാക്കുമോയെന്നതിന് കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി നൽകണമെന്നും ഒവൈസി ആവശ്യപ്പെട്ടു. എൻപിആർ പ്രാവർത്തികമാക്കാനായി 3900 കോടി എന്തിനാണ് ചെലവിടുന്നതെന്തിനാണെന്നും സർക്കാർ വിശദമാക്കണം.

താനൊരു ചരിത്രവിദ്യാർത്ഥിയായിരുന്നു. ഹിറ്റ്‌ലറും ഇത്തരത്തിൽ അധികാരത്തിലുണ്ടായിരുന്ന സമയത്ത് രണ്ട് തവണ സെൻസസ് എടുത്തിരുന്നു. അതിന് ശേഷമായിരുന്നു ജൂതന്മാരെ ഗ്യാസ് ചേംബറുകളിൽ അടച്ചത്. നമ്മുടെ രാജ്യം അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അസദ്ദുദീൻ ഒവൈസി പറഞ്ഞു.

ഷഹീൻബാഗിലെ സമരക്കാരെ നീക്കം ചെയ്യാൻ സർക്കാർ സേനയെ ഉപയോഗിക്കുമെന്ന സംശയമുണ്ടെന്നും ഒവൈസി പറഞ്ഞു.

Exit mobile version