ബിജെപിയുടെ ഹിന്ദുത്വ ആശയമല്ല തന്റേത്; ഏറെ വ്യത്യസ്തം: ഉദ്ധവ് താക്കറെ

മുംബൈ: ബിജെപിയുടെ ഹിന്ദുത്വത്തെ കുറിച്ചുള്ള ആശയമല്ല, തന്റെ ഹിന്ദുത്വ ആശയമെന്നും അത് ബിജെപിയിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അധികാരം പിടിച്ചടക്കാനായി മതത്തെ ഉപയോഗിക്കുന്നതല്ല ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ രണ്ടു കൂട്ടർക്കുമുള്ളത് ഒരേ ചിന്താധാരയല്ല. സമാധാനമില്ലാത്ത ഒരു ഹിന്ദു രാഷ്ട്രം ഞാൻ ആഗ്രഹിക്കുന്നില്ല. മതത്തെ ഉപയോഗിച്ച് അധികാരം പിടിച്ചടക്കുന്നതല്ല എന്റെ ഹിന്ദുത്വ. ജനങ്ങൾ പരസ്പരം കൊന്നൊടുക്കി രാജ്യത്ത് ഉത്കണ്ഠ സൃഷ്ടിക്കുന്നതല്ല ഹിന്ദു രാഷ്ട്രത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട്. തന്നെ പഠിപ്പിച്ചത് അതല്ല’-ഉദ്ധവ് പറഞ്ഞു.

മഹാരാഷ്ട്രയിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഹിന്ദുത്വയെ കുറിച്ചുള്ള തന്റെ അഭിപ്രായം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഹിന്ദുവിനും മുസ്ലീമിനും പൗരത്വം തെളിയിക്കുക എന്ന് പറയുന്നത് ദുഷ്‌കരമാണെന്നും അത് സംഭവിക്കാൻ അനുവദിക്കില്ല എന്നുമായിരുന്നു ദേശീയ പൗരത്വ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം.

Exit mobile version