കെജരിവാൾ ഭീകരവാദിയെന്ന് ബിജെപി മന്ത്രി ജാവദേക്കർ; എന്നാൽ അറസ്റ്റ് ചെയ്യൂവെന്ന് വെല്ലുവിളിച്ച് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഭീകരവാദിയാണെന്ന വിവാദ പരാമർശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കർ. കെജരിവാൾ ഭീകരവാദിയാണെന്ന കാര്യത്തിൽ ആവശ്യത്തിലധികം തെളിവുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഇക്കാര്യം തെളിയിക്കാൻ കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആം ആദ്മി പാർട്ടി.

ഡൽഹി മുഖ്യമന്ത്രി നിഷ്‌കളങ്ക മുഖവുമായി ജനങ്ങളോട് ചോദിക്കുന്നു താൻ ഭീകരവാദി ആണോ എന്ന്. അതെ എന്നാണ് ഉത്തരം. അദ്ദേഹം ഭീകരവാദിയാണ്. താനൊരു അരാജക വാദിയാണെന്ന് കെജരിവാൾ മുമ്പ് പറഞ്ഞിട്ടുണ്ട്. ഭീകരവാദിയും അരാജക വാദിയും തമ്മിൽ കാര്യമായ വ്യത്യാസങ്ങളില്ല-എന്നായിരുന്നു ജാവദേക്കറിന്റെ പരാമർശം.

ഇതോടെയാണ് രൂക്ഷമായി പ്രതികരിച്ച് ആം ആദ്മി പാർട്ടിയും രംഗത്തെത്തിയത്. കെജരിവാൾ ഭീകരവാദി ആണെങ്കിൽ അദ്ദേഹത്തെ അറസ്റ്റുചെയ്യാൻ ബിജെപിയെ എഎപി എംപി സഞ്ജയ് സിങ് വെല്ലുവിളിച്ചു. ഇത്തരത്തിലുള്ള പ്രയോഗം നടത്തുന്ന ബിജെപി എംപിക്കെതിരെ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. കേന്ദ്രസർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മൂക്കിനുതാഴെ നടക്കുന്ന സംഭവങ്ങളാണ് ഇവ. ഒരു കേന്ദ്രമന്ത്രിക്ക് ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്നും സഞ്ജയ് സിങ് ചോദിച്ചു.

Exit mobile version