വിൽക്കാൻ തീരുമാനിച്ച സ്ഥിതിക്ക്, ഇനി വൈകില്ല; എൽഐസിയുടെ ഓഹരി വിൽപ്പന ഈ വർഷത്തിൽ തന്നെയെന്ന് കേന്ദ്രം

ന്യൂഡൽഹി: പൊതുമേഖലാ ഇൻഷൂറൻസ് കമ്പനിയായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ (എൽഐസി) വിറ്റഴിക്കാൻ പോകുന്നെന്ന് യൂണിയൻ ബജറ്റ് 2020-21ൽ പ്രഖ്യാപിച്ചതിന് പിന്നാലെ നടപടികളിലേക്ക് കടന്ന് കേന്ദ്ര സർക്കാർ. എൽഐസിയുടെ ഓഹരിവിൽപ്പന പുതിയ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ തന്നെ ഉണ്ടായേക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു.

ധനമന്ത്രി നിർമ്മലാ സീതാരാമൻ ശനിയാഴ്ച പ്രഖ്യാപിച്ച ബജറ്റിലാണ് എൽഐസിയെ ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്യുമെന്നും ഓഹരികൾ വിൽക്കുമെന്നും പ്രഖ്യാപിച്ചിരുന്നത്. ഓഹരിവിപണിയിൽ ലിസ്റ്റുചെയ്യാൻ ചില നിയമഭേദഗതികൾ വരുത്തേണ്ടതുണ്ട്. നിയമമന്ത്രാലയവുമായി ഇക്കാര്യം ചർച്ച ചെയ്യുകയാണ്. പുതിയ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ വിൽപ്പനയുണ്ടായേക്കും. 10 ശതമാനം ഓഹരിയാവും വിൽപ്പനയ്ക്കുവെക്കുകയെന്ന് കുമാർ പറഞ്ഞു.

പക്ഷേ, ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. എൽഐസിയുടെയും ഐഡിബിഐ.ബാങ്കിന്റെയും ഓഹരിവിറ്റ് 90,000 കോടി രൂപ നേടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരുന്ന സാമ്പത്തികവർഷം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 2.10 ലക്ഷം കോടി രൂപയുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞിരുന്നു. നിലവിൽ എൽഐസിയുടെ 100 ശതമാനം ഓഹരിയും ഐഡിബിഐ ബാങ്കിന്റെ 46.5 ശതമാനം ഓഹരിയും സർക്കാരിന്റെ പക്കലാണ്.

Exit mobile version