മഹാത്മാഗാന്ധിയുടെ വധവുമായി ആര്‍എസ്എസിന് ബന്ധമില്ല, സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരുടെ സമ്മതത്തോടെ അരങ്ങേറിയ വെറും നാടകം; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

ബംഗളൂരു: രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്‌ഡെ എംപി നടത്തിയ പ്രസ്താവന വിവാദത്തില്‍.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്നായിരുന്നു അനന്തകുമാര്‍ ഹെഗ്‌ഡെയുടെ വിവാദ പ്രസ്താവന. ബംഗളൂരുവില്‍നടന്ന പൊതുപരിപാടിയിലാണ് ഹെഗ്‌ഡെ ഇക്കാര്യം പറഞ്ഞത്.

സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ്. രാജ്യത്തുനടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നെന്നും ഇവര്‍ക്കാര്‍ക്കെങ്കിലും പോലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോയെന്നും അനന്തകുമാര്‍ ഹെഗ്‌ഡെ ചോദിച്ചു.

ഗാന്ധിജിയെ മഹാത്മാവെന്ന് വിളിക്കുന്നതിനെ ഹെഗ്‌ഡെ ചോദ്യംചെയ്യുകയുംചെയ്തു. മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമാണെന്നും ഹെഗ്‌ഡെ ആരോപിച്ചു. മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോണ്‍ഗ്രസിന്റെ വാദത്തെ ജനങ്ങള്‍ പിന്തുണയ്ക്കുകയാണ്. എന്നാല്‍ സത്യം ഇതല്ലെന്നും ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലമാണെന്നും ഹെഗ്‌ഡെ പറഞ്ഞു.

അതേസമയം, മഹാത്മാഗാന്ധിയുടെ വധവുമായി ആര്‍എസ്എസിന് ബന്ധമില്ലെന്നും അനന്തുകുമാര്‍ ഹെഗ്‌ഡെ വ്യക്തമാക്കി. ഇതിനുമുമ്പും വിദ്വേഷപ്രസംഗങ്ങളിലൂടെ വിവാദമുണ്ടാക്കിയ നേതാവാണ് അനന്തകുമാര്‍ ഹെഗ്‌ഡെ.അനന്തകുമാറിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

Exit mobile version