വിലക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല; കുനാല്‍ കമ്രയ്ക്ക് യാത്ര അനുവദിച്ച് വിസ്താര എയര്‍ലൈന്‍സ്

സംഭവത്തില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ കുനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ന്യൂഡല്‍ഹി: ഹാസ്യകലാകാരന്‍ കുനാല്‍ കമ്രയ്ക്ക് യാത്ര അനുവദിച്ച് വിസ്താര എയര്‍ലൈന്‍സ്. വിലക്ക് ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് കുനാല്‍ കമ്രയ്ക്ക് യാത്ര അനുവദിച്ചത്. കുനാല്‍ തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിമാനത്താവളത്തില്‍ വിസ്താരയുടെ ചെക്കിംഗ് കൗണ്ടറിന് അടുത്ത് വിജയ ചിഹ്നം കാണിച്ച് നില്‍ക്കുന്ന ഫോട്ടോ കുനാല്‍ ട്വീറ്റ് ചെയ്തു.

എന്റെ എല്ലാ നന്ദിയും വിസ്താര എയര്‍ലൈനിന് എന്നാണ് കുനാല്‍ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ വാരം ഇന്റിഗോ വിമാനത്തില്‍ വച്ച് റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയോട് മോശമായി പെരുമാറി എന്ന പേരില്‍ കുനാലിന് ഇന്റിഗോ അടക്കം നാല് എയര്‍ലൈനുകള്‍ താരത്തിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ കുനാല്‍ കമ്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജു ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ കുനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 25 ലക്ഷമാണ് നഷ്ടപരിഹാരമായി കുനാല്‍ ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടത്. കൂടാതെ നിരുപാധികം മാപ്പ് പറയണമെന്ന ആവശ്യവും കുനാല്‍ ഉയര്‍ത്തിയിട്ടുണ്ട്.

Exit mobile version