ന്യൂഡൽഹി: അർണബ് ഗോസ്വാമിക്ക് അതിവേഗത്തിൽ ജാമ്യം അനുവദിച്ച കോടതിയുടെ ശുഷ്‌കാന്തിയെ പരിഹസിച്ച് രംഗത്തെത്തിയ സ്റ്റാൻഡ്അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തേക്കും. സുപ്രീംകോടതിയെ സുപ്രീമ കോമഡി എന്നടക്കം വിളിച്ചതിന്റെ പേരിലാണ് കമ്രയ്ക്ക് എതിരെ നടപടി എടുക്കുക. അതേസമയം, തന്റെ ട്വീറ്റുകളിൽ കോടതിയലക്ഷ്യത്തിന് നടപടി എടുക്കാനുള്ള നീക്കത്തെയും പരിഹസിച്ച് കമ്ര രംഗത്തെത്തി. താൻ നടത്തിയിരിക്കുന്നത് കോടതി അലക്ഷ്യമല്ലെന്നും ഭാവി രാജ്യസഭാസീറ്റ് അലക്ഷ്യമാണെന്നുമാണ് കുനാൽ ട്വീറ്റ് ചെയ്തത്.
‘അതിനെ കോടതിയലക്ഷ്യമെന്ന് വിളിക്കരുത്, അത് ഭാവി രാജ്യസഭാ സീറ്റ് അലക്ഷ്യമാണ്’എന്നാണ് കുനാൽ ട്വിറ്ററിൽ കുറിച്ചത്. ഇതിലൂടെ വിരമിച്ച ജഡ്ജിമാർ സർക്കാർ പദവികൾ വഹിക്കുന്നതിനെ പരോക്ഷമായി പരിഹസിച്ചിരിക്കുകയാണ് കുനാൽ.
മുംബൈയിലെ അഭിഭാഷകനായ റിസ്വം സിദ്ദീഖിയാണ് കുനാൽ കമ്രയുടെ ട്വീറ്റുകൾക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പരാതിപ്പെട്ടത്. ആത്മഹത്യ പ്രേരണക്കേസിൽ അർണബിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് കുനാൽ കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.
വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു.
