ഇന്ത്യയുടെ നിലപാട് മാതൃകയാക്കൂ; തിരികെ നാട്ടിലെത്തിക്കണമെന്ന് കരഞ്ഞ് അഭ്യര്‍ത്ഥിച്ച് വുഹാനില്‍ കുടുങ്ങിയ പാകിസ്താന്‍ വിദ്യാര്‍ത്ഥികള്‍; നിലപാട് കടുപ്പിച്ച് ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വുഹാനില്‍ കുടുങ്ങിയ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യ പരിശ്രമിക്കുമ്പോഴും സഹായത്തിനായി കരഞ്ഞ് അപേക്ഷിക്കുകയാണ് പാക് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ പാകിസ്താന്റെ നിലപാട് കടുത്ത നീരസമാണ് വുഹാനില്‍ അകപ്പെട്ടവരില്‍ ഉണ്ടാക്കിയിരിക്കുന്നത്.

വുഹാനില്‍ കുടുങ്ങിയവരെ ചൈനയില്‍ നിന്ന് തിരികെ നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ഥനയെ പാക് ഭരണകൂടം നിരാകരിച്ചിരുന്നു. പാകിസ്താന്‍ സര്‍ക്കാരിന്റെ കടുത്ത നിലപാടിനെ കുറ്റപ്പെടുത്തിക്കൊണ്ട് പാക് വിദ്യാര്‍ഥികളുടെ നിരവധി വീഡിയോകളാണ് ഇതിനോടകം പുറത്ത് വന്നത്. ഇവ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

തങ്ങളുടെ പൗരന്മാരോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയ പാക് പൗരന്മാര്‍ ഇക്കാര്യത്തില്‍ ഇന്ത്യ കൈക്കൊണ്ട നിലപാട് മാതൃകയാക്കണമെന്നും ഇമ്രാന്‍ഖാനോട് പറഞ്ഞു. വുഹാനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റിക്കൊണ്ടുപോകുന്ന അധികൃതരുടെ വീഡിയോയും ഒരു വിദ്യാര്‍ത്ഥി പങ്കുവെച്ചിരുന്നു.

കൊറോണ വൈറസ് ബാധിച്ച വുഹാന്‍ നഗരത്തില്‍ നിന്ന് പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന പാകിസ്താന്‍ സര്‍ക്കാരിന്റെ നിലപാട് അതിന്റെ സഖ്യകക്ഷിയായ ചൈനയുമായുള്ള ”ഐക്യദാര്‍ഢ്യ’ ത്തിന്റെ ഭാഗമാണ്.

Exit mobile version