യാത്രാവിലക്ക് ഉടന്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണം, നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും നല്‍കണം; ഇന്‍ഡിഗോയ്ക്ക് നോട്ടീസ് അയച്ച് കുനാല്‍ കമ്ര

യാത്രാവിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും കുനാല്‍ കമ്ര വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന് വക്കീല്‍ നോട്ടീസ് അയച്ച് സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. യാത്രാ വേളയില്‍ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചുവെന്ന് ആരോപിച്ച് ഇന്‍ഡിഗോ കുനാലിനെ ആറ് മാസത്തേയ്ക്ക് വിലക്കിയിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്താണ് ഇപ്പോള്‍ താരം നോട്ടീസ് അയച്ചിരിക്കുന്നത്.

യാത്രാവിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും കുനാല്‍ കമ്ര വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. ക്ഷമാപണം രാജ്യത്തെ പ്രധാന പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പരസ്യം ചെയ്യണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. തനിക്കുണ്ടായ മാനസിക വേദനയ്ക്കും സംഭവത്തെ തുടര്‍ന്ന് സ്വദേശത്തും വിദേശത്തും പരിപാടികള്‍ നിര്‍ത്തലാക്കിയതിനാലും നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും ഇന്‍ഡിഗോ എയര്‍ലൈനിനോട് കുനാല്‍ ആവശ്യപ്പെട്ടു.

ജനുവരി 28നാണ് മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് പരിഹാസ രൂപേണ കുനാല്‍ കമ്ര ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ അര്‍ണാബ് മറുപടിയൊന്നും പറയാതെ നിരസിക്കുകയായിരുന്നു. വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്ത നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് ഇന്‍ഡിഗോ പറഞ്ഞത്. ചൊവ്വാഴ്ച കുനാല്‍ കമ്ര പോസ്റ്റുചെയ്ത വീഡിയോയില്‍ നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്ര ചോദിച്ചത്.

Exit mobile version