കേന്ദ്ര ബജറ്റ്: ഓൺലൈൻ ബിരുദം പ്രോത്സാഹിപ്പിക്കും; വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റിൽ 99300 കോടി; വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും

ന്യൂഡൽഹി: കഴിഞ്ഞതവണത്തെ ബജറ്റിനേക്കാൾ 4500 കോടി രൂപ അധികം നൽകി രാജ്യത്തെ വിദ്യാഭ്യാസ രംഗത്തിന് കേന്ദ്ര ബജറ്റിൽ ഇത്തവണ നീക്കിവെച്ചത് 99300 കോടി രൂപ. 2019 ൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ 94800 കോടിയായിരുന്നു നീക്കിവെച്ചിരുന്നത്. ഇതോടൊപ്പം രാജ്യത്തിന് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കേന്ദ്ര ബജറ്റ് 2020 പ്രസംഗത്തിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.

വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ സാധാരണക്കാർക്കും ഉയർന്ന വിദ്യാഭ്യാസം എന്ന നിലയിൽ ഓൺലൈൻ ബിരുദ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് ആകെ 99300 കോടിയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. നൈപുണ്യ വികസനത്തിന് മാത്രമായി മൂവായിരം കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഒരേപോലെ മെച്ചപ്പെട്ടതാക്കുന്നതിനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ തുക നീക്കിവച്ചിട്ടുണ്ട്

തൊഴിൽ ചെയ്യാൻ പ്രാപ്തിയുള്ള യുവാക്കൾ ഏറ്റവും കൂടുതലുള്ള രാജ്യമായി 2030 ഓടെ ഇന്ത്യ മാറുമെന്ന് ധനമന്ത്രി പറഞ്ഞു. അവർക്ക് കൂടുതൽ ജോലി വേണമെന്നും അതിന് തൊഴിൽക്ഷമത കൂട്ടണമെന്നും ധനമന്ത്രി പറഞ്ഞു. ഇത് ലക്ഷ്യമിട്ടാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നത്. പുതിയ ഫൊറൻസിക് സർവകലാശാലയും ധനമന്ത്രി പ്രഖ്യാപിച്ചു.

സയൻസ്, ടെക്‌നോളജി സ്ട്രീമുകളിൽ പഠിക്കുന്നവർക്ക് തൊഴിൽ സാധ്യത കൂട്ടാൻ 150 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകൾ ഈ മാർച്ച് 2020 മുതൽ ആരംഭിക്കും. പഞ്ചായത്തുകളിലടക്കം എഞ്ചിനീയർമാർക്ക് ഇൻറേൺഷിപ്പ് നൽകും. അങ്ങനെ അവിടെ ആൾക്ഷാമം പരിഹരിക്കും.
അധ്യാപകർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവർക്ക് വിദേശത്ത് നിരവധി അവസരങ്ങളുണ്ടെന്ന് പറഞ്ഞ ധനമന്ത്രി ഇവർക്ക് വിദേശ ഭാഷകൾ പഠിക്കാൻ കോഴ്‌സുകൾ ആരംഭിക്കുമെന്നും പറഞ്ഞു.

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ഡിഗ്രി തലത്തിൽ ഓൺലൈൻ എജ്യുക്കേഷൻ പ്രോഗ്രാം. നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രയിംവർക്കിൽ ആദ്യത്തെ നൂറ് റാങ്കിലുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ ഇത്തരം കോഴ്‌സുകൾ നടത്താൻ അനുവാദമുണ്ടാകൂ. അങ്ങനെ അവർക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിയും.

സ്റ്റഡി ഇൻ ഇന്ത്യ പ്രോഗ്രാമിൽ ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങൾക്കായി പ്രവേശനപ്പരീക്ഷ, സ്‌കോളർഷിപ്പുകൾ എന്നിവ നടത്തും. മെഡിക്കൽ പഠന രംഗത്തിന് പിപിപി മോഡലിൽ കൂടുതൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്നും പിജി മെഡിക്കൽ പ്രവേശനത്തിന് വലിയ ആശുപത്രികളിൽ കൂടുതൽ കോഴ്‌സുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version