നിർഭയ കേസ് പ്രതികൾ ദയ അർഹിക്കുന്നില്ല; പ്രതി വിനയ് ശർമ്മയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി

ന്യൂഡൽഹി:നിർഭയകേസ് പ്രതി മുകേഷ് സിങിന്റെ ദയാഹർജി തള്ളിയതിനു പിന്നാലെ മറ്റൊരു പ്രതിയായ വിനയ് ശർമ്മയുടെ ദയാഹർജിയും തള്ളി രാഷ്ട്രപതിയുടെ തീരുമാനം. അതേസമയം, വിനയ് ശർമ്മ ദയാഹർജി നൽകിയ സാഹചര്യത്തിൽ പ്രതികളുടെ വധശിക്ഷ മാറ്റിവെച്ചിരുന്നു. ഡൽഹി പട്യാല കോടതിയാണ് മരണ വാറണ്ട് റദ്ദാക്കികൊണ്ട് ഉത്തരവിട്ടത്. ദയാഹർജിയിൽ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം.

ഡൽഹി കോടതിയുടെ ഉത്തരവ് മരണ വാറണ്ട് പ്രകാരം ഇന്നായിരുന്നു പ്രതികളുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാൽ കേസിൽ തീരുമാനമെടുക്കാനാകാതെ ദയാഹർജി നിലനിന്നിരുന്നതിനാൽ മരണവാറണ്ട് ഡൽഹി അഡീഷണൽ സെഷൻസ് കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

നേരത്തെ, പ്രതികളിലൊരാളായ അക്ഷയ് കുമാർ സിങ് നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജി തള്ളിയത്. ബുധനാഴ്ച പ്രതികളിലൊരാളായ മുകേഷ് കുമാർ സിങ് മരണവാറന്റിനെതിരെ നൽകിയ ഹർജിയും സുപ്രീം കോടതി തള്ളിയിരുന്നു. ദയാഹർജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഹരജി നൽകിയത്. എന്നാൽ രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടില്ല എന്നാണ് കോടതി അറിയിച്ചത്.

ജനുവരിയിലാണ് നിർഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി 1 ന് നടപ്പാക്കാൻ ഡൽഹി കോടതി ഉത്തരവിട്ടിരുന്നത്.

Exit mobile version