നോട്ട് നിരോധനകാലത്ത് ക്യൂവിൽ എത്രപേർ മരിച്ചുവീണു; ഷഹീൻബാഗിലെ തണുപ്പിൽ എന്താണ് ആരും മരിച്ചുവീഴാത്തത്: നാവടക്കാതെ വീണ്ടും ബിജെപി അധ്യക്ഷൻ

കൊൽക്കത്ത: വിവാദ പരാമർശങ്ങൾ കൊണ്ട് കുപ്രസിദ്ധനായ കൊൽക്കത്ത ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് വീണ്ടും രംഗത്ത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീൻബാഗിൽ നടക്കുന്ന പ്രതിഷേധ സമരത്തിനിടയിൽ ആരും മരണപ്പെടാത്തത് എന്താണെന്നാണ് ദിലീപ് ഉന്നയിക്കുന്ന സംശയം.

തന്നെ അത്ഭുതപ്പെടുത്തുന്നതെന്തെന്നാൽ, നോട്ടുനിരോധന കാലത്ത് രണ്ടുമുതൽ മൂന്നുമണിക്കൂർ വരെ വരി നിൽക്കുമ്പോഴേക്കും ആളുകൾ മരിച്ചുവീഴുന്നു. എന്നാൽ ഷഹീൻബാഗിൽ കനത്ത തണുപ്പും സഹിച്ചാണ് സ്ത്രീകളും കുട്ടികളും സമരം നടത്തുന്നത്. എന്നിട്ടും ആരും മരണപ്പെടുന്നില്ല. എന്ത് അമൃതാണ് അവരുടെ കൈവശമുള്ളതെന്ന് ആശ്ച്യപ്പെടുകയാണ്. മരിക്കാതിരിക്കുന്നതിന് എന്ത് പ്രേരണയാണ് അവർക്ക് ലഭിക്കുന്നത്? കൊൽക്കത്തയിലെ പത്രസമ്മേളനത്തിനിടയിൽ ദിലീപ് ഘോഷ് ചോദിച്ചു.

പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവെച്ചുകൊല്ലണമെന്ന വിവാദ പരാമർശത്തിന് പിന്നാലെയാണ് ദിലീപ് ഘോഷിന്റെ അടുത്ത വിദ്വേഷ പരാമർശം. ഇക്കാര്യത്തിൽ വളരെയധികം താൽപര്യം തോന്നുന്നുണ്ട്. സ്ത്രീകളും കുട്ടികളും രാത്രിയും പകലും സമരം ചെയ്യുന്നതിനാൽ ആളുകൾ ഷഹീൻബാഗിനെ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. ചിലർ പറയുന്നു അവർക്ക് നിത്യവും 500 രൂപ കൂലി ലഭിക്കുന്നുണ്ടെന്ന്. രാജ്യത്ത് വൻതോതിൽ വിദേശപണം ഒഴുകുന്നുണ്ടെന്ന എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ടിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ദിലീപിന്റെ പരാമർശം.

അതേസമയം, സ്ത്രീകളുടെ സമരമുന്നേറ്റത്തിന്റെ മാതൃകയായി പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ സമരം ആരംഭിച്ചിട്ട് ഒരുമാസം പിന്നിട്ടു. പ്രായഭേദമന്യെ സ്ത്രീകളും കുട്ടികളുമാണ് സമരത്തിന്റെ മുൻനിരയിലുള്ളത്.

Exit mobile version