രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ; അതിസമ്പന്നരുടെ സമ്പത്ത് നികുതിയായി പിടിച്ചെടുത്ത് പുനർവിതരണം ചെയ്യണം: അഭിജിത് ബാനർജി

കൊൽക്കത്ത: എത്ര ആഴത്തിലാണ് രാജ്യത്ത് സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയിരിക്കുന്നത് എന്ന് പറയാനാകില്ലെങ്കിലും ഇന്ത്യ കടന്നുപോകുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണെന്ന് അഭിജിത് ബാനർജി. കൊൽക്കത്ത ലിറ്റററി ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അഭിജിത് ബാനർജി.

രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. എന്നാൽ അത് എത്രത്തോളമുണ്ടെന്ന് എനിക്ക് പറയാൻ കഴിയില്ല. മാന്ദ്യമില്ലെന്ന് ചൂണ്ടിക്കാണിക്കാൻ തക്ക വിവരങ്ങളൊന്നും രാജ്യത്തില്ല എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സമ്പന്നരിൽനിന്ന് സ്വത്ത് നികുതി ചുമത്തി പിടിച്ചെടുത്ത് അത് പുനർവിതരണം ചെയ്യപ്പെടണം. ഇന്ത്യയിലെ നിലവിലെ അസമത്വം കണക്കിലെടുക്കുമ്പോൾ സ്വത്ത് നികുതി വിവേകപൂർണമാണ്. എന്നാൽ, ഈ നികുതി കാര്യക്ഷമമായി പുനർവിതരണം ചെയ്യുകയാണ് വേണ്ടത്. എന്നാൽ ഇതൊന്നും ഉടനെ താൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരണം വ്യക്തമാക്കി.

ബാങ്കിങ് മേഖല അടിമുടി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. അതിന് സർക്കാർ മുൻകയ്യെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Exit mobile version