‘എന്നെ കുറിച്ച് ഒരു കുറ്റവും പറയാനില്ലാത്തവരാണ് എന്റെ അമ്മയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്’; രാജ് ബബ്ബറിന് മറുപടിയുമായി മോഡി

മധ്യപ്രദേശ്: രൂപയുടെ മൂല്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മയുടെ പ്രായവുമായി താരതമ്യം ചെയ്ത യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറിന് മറുപടിയുമായി മോഡി.

”എന്നെക്കുറിച്ച് ഒരു കുറ്റവും പറയാനില്ലാത്തവരാണ് എന്റെ അമ്മയെക്കുറിച്ച് സംസാരിക്കുന്നത്. രാഷ്ട്രീയത്തിന്റെ – ര – എന്ന ആദ്യാക്ഷരം പോലുമറിയാത്ത, വീട്ടില്‍ സ്വന്തം പൂജാമുറിയില്‍ ഈശ്വര വിചാരവുമായി സദാസമയം ചെലവിടുന്ന എന്റെ അമ്മയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നെ ഭയപ്പെടുന്നവരാണ്. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ മോഡി ആഞ്ഞടിച്ചു.

കോണ്‍ഗ്രസിന് മോഡിയെ എതിരിടാന്‍ പേടിയാണ്. സോണിയാ ഗാന്ധിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഒളിയമ്പെയ്യാനും മോഡി മറന്നില്ല. 125 കോടി ജനങ്ങളാണ് തന്റെ സര്‍ക്കാരിന്റെ ‘ഹൈക്കമാന്റെ’ന്നാണ് മോഡി പറഞ്ഞത്. ‘എവിടെ നിന്നോ വന്ന ഒരു മാഡം റിമോട്ട് കണ്‍ട്രോളില്‍ ഓടിയ്ക്കുക’യല്ല തന്റെ സര്‍ക്കാരെന്നും മോഡി പരിഹസിച്ചു.

‘മാമാജി’ എന്നാണ് മധ്യപ്രദേശുകാര്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനെ വിളിയ്ക്കുന്നതെന്ന് ഓര്‍മിപ്പിച്ച മോഡി, എന്തിനാണ് കോണ്‍ഗ്രസ് തന്നെയും ചൗഹാനെയും കളിയാക്കുന്നതെന്ന് ചോദിച്ചു.

”ഒട്ടാവിയോ ക്വത്‌റോച്ചി മാമായെയും, വാറന്‍ ആന്‍ഡേഴ്‌സണ്‍ മാമായെയും സ്‌പെഷ്യല്‍ വിമാനം കയറ്റി രക്ഷപ്പെടുത്തിയത് കോണ്‍ഗ്രസുകാരാണ്, മറക്കരുത്.” ബോഫോഴ്‌സ് ഇടപാടിനെയും ഭോപ്പാല്‍ ഗ്യാസ് ട്രാജഡിയെയും സൂചിപ്പിച്ച് മോഡി പരിഹസിച്ചു.

Exit mobile version