ഒരു മതത്തിനും എൻആർസി പ്രശ്‌നമുണ്ടാക്കില്ല; സർക്കാരിനെ ആരെങ്കിലും ബുദ്ധിമുട്ടിച്ചാൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല: രാജ്‌നാഥ് സിങ്

മംഗളൂരു: പൗരത്വ രജിസ്റ്റർ രാജ്യത്തെ ഒരു മതവിഭാഗത്തിനും പ്രശ്‌നമുണ്ടാക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാകിസ്താനുമായി ഭാവിയിൽ ചർച്ച നടത്തുകയാണെങ്കിൽ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്നും മന്ത്രി മംഗളൂരുവിൽ നടന്ന പൊതുപരിപാടിയിൽ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റർ പ്രാധാന്യമർഹിക്കുന്നതാണ്. ഓരോ രാജ്യത്തിനും നിയമപരമായ എത്ര പൗരൻമാരുണ്ട്, അനധികൃത കുടിയേറ്റക്കാർ എത്രയുണ്ട് എന്ന കണക്ക് വേണമെന്നും അതിന് ഈ പൗരത്വ രജിസ്റ്റർ സഹായിക്കുമെന്നും രാജ്‌നാഥ് അവകാശപ്പെട്ടു.

ഒരു മതത്തിനും എൻആർസി പ്രശ്‌നമുണ്ടാക്കില്ല. എന്നാൽ, അതിന്റെ പേരിൽ കേന്ദ്രസർക്കാറിനെ ബുദ്ധിമുട്ടിക്കാനാണ് ആരുടെയെങ്കിലും ശ്രമമെങ്കിൽ അവരോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനാണ് സിഎഎ. വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകണമെന്ന് മഹാത്മഗാന്ധി നെഹ്‌റുവിനോട് ആവശ്യപ്പെട്ടിരുന്നു. ഗാന്ധിജിയുടെ ഈ സ്വപ്നമാണ് മോഡി ഇപ്പോൾ യാഥാർഥ്യമാക്കിയിരിക്കുന്നതെന്നും രാജ്‌നാഥ് വ്യക്തമാക്കി.

Exit mobile version