പൗരത്വ ഭേദഗതിക്ക് എതിരായ സമരത്തിന് നേരെ യുപി പോലീസിന്റെ ആക്രമണം; അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്കയും രാഹുലും മനുഷ്യാവകാശ കമ്മീഷനിൽ

ന്യൂഡൽഹി: ഭരണഘടനാ വിരുദ്ധമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് ആരോപിച്ച് പ്രതിഷേധം നടത്തുന്നവർക്കെതിരെ യുപി പോലീസ് അക്രമം അഴിച്ചുവിട്ട സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും. ഇരുനേതാക്കളും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

പ്രതിഷേധക്കാർക്ക് നേരെ കൊടിയ മർദ്ദനമാണ് യുപി പോലീസ് നടത്തിയതെന്ന് പ്രിയങ്കയും രാഹുലും നൽകിയ പരാതിയിൽ പറയുന്നു. കോൺഗ്രസ് നേതാക്കളായ മുഹ്‌സിന കിദ്വായി, സൽമാൻ ഖുർഷിദ്, പിഎൽ പുനിയ, ജിതിൻ പ്രസാദ, അഭിഷേക് സിങ്‌വി, രാജീവ് ശുക്ല, അജയ് കുമാർ ലല്ലു എന്നിവർക്കൊപ്പമാണ് രാഹുലും പ്രിയങ്കയും എത്തിയത്. സമരത്തിനിടെ നടന്ന മരണങ്ങളിലും അന്വേഷണം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ യുപിയിൽ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. സമരത്തിനിടെ 20 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിയങ്കയും രാഹുലും ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ നീതി തേടിയെത്തിയത്.

Exit mobile version