തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വീണ്ടും തിരിച്ചടി; നാല് തവണ ബിജെപി എംഎൽഎയായിരുന്ന ഹർഷൻ സിങ് ആം ആദ്മിയിൽ ചേക്കേറി

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങിയെങ്കിലും മുന്നിൽ നിന്നുതന്നെ ന്യൂഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന അമിത് ഷായ്ക്ക് കനത്ത തിരിച്ചടി. ചാണക്യതന്ത്രങ്ങളൊന്നും ഏൽക്കാതിരിക്കുന്നതിനിടെയാണ് ആം ആദ്മി പാർട്ടിക്ക് കൂടുതൽ കരുത്തായി ബിജെപിയിൽ നിന്നും കൊഴിഞ്ഞുപോക്ക്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വാതിൽപടിയിലെത്തി നിൽക്കെ നാല് തവണ ബിജെപി എംഎൽഎ ആയിരുന്ന മുൻ മന്ത്രികൂടിയായ ഹർഷൻ സിങ് ബല്ലി ആം ആദ്മി പാർട്ടിയിൽ ചേർന്നു. ശനിയാഴ്ച എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു ഹർഷൻ സിങ് പാർട്ടിയിൽ ചേർന്നത്.

വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കെജരിവാൾ സർക്കാരുണ്ടാക്കിയ പുരോഗതിയെ വാനോളം പ്രശംസിക്കാനും ഹർഷൻ സിഹ് മടിച്ചില്ല. 20 വയസ്സുള്ളപ്പോൾ മുതൽ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളാണ് താൻ. മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അന്നത്തെ രാഷ്ട്രീയം. ഡൽഹിയെ ലോകത്തിലെ ഒന്നാം നമ്പർ നഗരമാക്കി മാറ്റാൻ കഠിനാധ്വാനം ചെയ്യുന്ന ഒരാളുമായി കൈക്കോർക്കാൻ സാധിച്ചതിൽ താൻ ഏറെ സന്തോഷിക്കുന്നു ഹർഷൻ സിങ് ബല്ലി പറഞ്ഞു.

മദൻലാൽ ഖുറാനയുടെ ഡൽഹി മന്ത്രിസഭയിൽ അംഗമായിരുന്നു ഹർഷൻ സിങ്. തന്റെ മണ്ഡലമായ ഹരി നഗറിൽ നിരവധി ആളുകൾ ആംആദ്മി പാർട്ടിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version