തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒബിസി വിഭാഗക്കാരന്റെ വീട്ടിലെത്തി അമിത് ഷാ ഭക്ഷണം കഴിച്ചെന്ന് അഭിമാനത്തോടെ പ്രചരിപ്പിച്ച് ബിജെപി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒബിസി വിഭാഗക്കാരന്റെ വീട്ടിലെത്തി അമിത് ഷാ ഭക്ഷണം കഴിച്ചെന്ന് അഭിമാനത്തോടെ പ്രചരിപ്പിച്ച് ബിജെപി; നാണമുണ്ടോ ബിജെപീ? എന്തിനാണ് പുത്തൻ ഗ്ലാസും പാത്രങ്ങളുമെത്തിച്ച് ഈ നാടകമെന്ന് സോഷ്യൽമീഡിയ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണം ഡൽഹിയിൽ ചൂട് പിടിക്കുന്നതിനിടെ പതിവ് നാടകവുമായി ബിജെപി നേതാക്കൾ രംഗത്ത്. ദളിത്-ഒബിസി വിഭാഗങ്ങളിൽപെട്ട വോട്ടർമാരുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് കണ്ണിൽപൊടിയിടുന്ന അടവാണ് ഇത്തവണയും ബിജെപി പയറ്റുന്നത്. ഇത്തവണ ഒബിസി വിഭാഗത്തിൽപ്പെട്ട ബിജെപി പ്രവർത്തകന്റെ വസതിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഭക്ഷണം കഴിച്ചത്. പുതിയ പാത്രവും ഗ്ലാസുമടക്കം എത്തിച്ചായിരുന്നു അമിത് ഷായുടെ അത്താഴം കഴിക്കൽ. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഡൽഹിയിലെ യമുന വിഹാറിലുള്ള മനോജ് കുമാർ എന്നയാളുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി അമിത് ഷായും സംഘവും എത്തിയത്. മാധ്യപ്രവർത്തകരെയടക്കം വീടിനുള്ളിൽ പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു അമിത് ഷായുടേയും മനോജ് തിവാരിയുടേയും അത്താഴം കഴിക്കൽ. പിന്നോക്ക വിഭാഗക്കാരനായ ഒരു ബിജെപി പ്രവർത്തകന്റെ വീട്ടിൽ എത്തി അമിത് ഷായും മനോജ് തിവാരിയും ഭക്ഷണം കഴിച്ചെന്നായിരുന്നു പല വാർത്തകളിലും എടുത്തുപറഞ്ഞിരുന്നത്.

ഉയർന്ന ജാതിക്കാരനായ അമിത് ഷാ ഒരു പിന്നാക്ക വിഭാഗക്കാരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചിരിക്കുന്നു എന്ന രീതിയിലായിരുന്നു ബിജെപിയുടെ ആഘോഷവും. ഇതിനെതിരെ സോഷ്യൽമീഡിയ ശക്തമായ വിമർശനം ഉന്നയിക്കുകയാണ്. ഒബിസിക്കാരനായ ഒരാളുടെ വീട്ടിൽ അമിത് ഷാ എത്തിയത് ആഘോഷിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നിങ്ങൾ പകർന്നു നൽകുന്നതെന്ന് സോഷ്യൽമീഡിയ ചോദിക്കുന്നു. ഇത് കൃത്യമായ ജാതിയത വളർത്തൽ അല്ലേയെന്നാണ് ഉയരുന്ന ചോദ്യം.

അതേസമയം, മനോജ് കുമാറിന്റെ വീട്ടിലെത്തിയ അമിത് ഷായ്ക്ക് ഭക്ഷണം നൽകുന്നത് പുതിയ പാത്രത്തിലാണ്. വെള്ളം നൽകിയ ഗ്ലാസുകൾക്ക് മുകളിൽ പതിച്ച സ്റ്റിക്കൽ പോലും എടുത്തുമാറ്റിയിട്ടില്ല. ഇതൊക്കെ തെരഞ്ഞെടുപ്പ് നാടകത്തിന്റെ ഭാഗമാണെന്ന് ചിലർ ചൂണ്ടിക്കാട്ടുകയാണ്.

നേരത്തെ, 2019 ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പുരി സ്ഥാനാർത്ഥിയായ സംപിത് പത്ര വോട്ട് ചോദിക്കുന്നതിനിടെ ദളിത് വിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ വീട്ടിൽകയറി ഭക്ഷണം കഴിക്കുന്ന വീഡിയോയും ഇതേ മാതൃകയിൽ ബിജെപി പ്രചരിപ്പിച്ചിരുന്നു.

Exit mobile version