രാജ്യത്തെ മികച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാര്‍വി ഇന്‍സൈറ്റ് മൂഡ് ഓഫ് നേഷന്‍ (MOTN) സര്‍വേയിലാണ് ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്നും സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.

ഇത് രണ്ടാമത്തെ തവണയാണ് യോഗി മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 8 ശതമാനം വോട്ടാണ് യോഗി ആദിത്യനാഥിന് ലഭിച്ചത്. ഏഴ് ബിജെപി മുഖ്യമന്ത്രിമാര്‍ക്കിടയില്‍ മുമ്പിലെത്തിയത് ആദിത്യനാഥ് മാത്രമാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും 11 ശതമാനം വോട്ട് ലഭിച്ചു.

മോഡിയാണ് മികച്ച പ്രധാനമന്ത്രിയെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 34 ശതമാനം പേരാണ് മോഡിയാണ് മികച്ച പ്രധാനമന്ത്രിയെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. 16 ശതമാനം പേര് ഇന്ദിരാ ഗാന്ധിക്ക് ഒപ്പം നിന്നപ്പോള്‍ 13ശതമാനം പേരാണ് ബിജെപി നേതാവും പ്രധാനമന്ത്രിയുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയെ പിന്തുണച്ചത്.

മോഡി മികച്ച പ്രധാനമന്ത്രിയാവുമ്പോഴും ജനപിന്തുണ ഇടിയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ഓഗസ്റ്റില്‍ നിന്ന് മൂന്ന് ശതമാനത്തിന്റെ ഇടിവാണ് മോഡിയുടെ ജനപിന്തുണയിലുണ്ടായത്.

അതേസമയം മോഡിയുമായി താരമത്യപ്പെടുത്തുമ്പോള്‍ രാഹുല്‍ ഗാന്ധി രണ്ടാം സ്ഥാനത്താണെന്നും രാഹുല്‍ ഗാന്ധിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വീണ്ടും പ്രധാനമന്ത്രി പദവിയിലെത്താന്‍ അനുയോജ്യനായ വ്യക്തി നരേന്ദ്ര മോഡിയാണെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.

Exit mobile version