വീട്ടിലെത്തിയ നിർമ്മാണ തൊഴിലാളികൾ ബംഗ്ലാദേശിയെന്ന് തിരിച്ചറിഞ്ഞത് ഭക്ഷണരീതി നോക്കിയെന്ന് ബിജെപി ജനറൽ സെക്രട്ടറി

ഇൻഡോർ: ബംഗ്ലാദേശികളെ അവരുടെ ഭക്ഷണരീതി നോക്കി താൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഭക്ഷണരീതി നോക്കി വ്യക്തികളുടെ രാജ്യം ഏതാണെന്നു കണ്ടുപിടിക്കാമെന്നും ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗീയ. തന്റെ വീട്ടിൽ ജോലിക്കുവന്ന ബംഗ്ലാദേശികളെ അവരുടെ ഭക്ഷണരീതി നോക്കിയാണ് മനസിലാക്കിയതെന്നും സിഎഎ അനുകൂല സെമിനാറിനിടെ അദ്ദേഹം വെളിപ്പെടുത്തി.

വീട്ടിൽ ഒരു മുറി കൂടി പണിയാൻ എത്തിയ നിർമ്മാണ തൊഴിലാളികളിൽ ബംഗ്ലാദേശികളുണ്ടോ എന്നു സംശയം തോന്നിയത് വിചിത്രമായ ഭക്ഷണരീതി കണ്ടപ്പോഴാണ്. അവരുടെ പൗരത്വത്തെക്കുറിച്ചു തനിക്ക് സംശയമുണ്ടാക്കി. ‘പോഹ’ (അവൽ) മാത്രമാണ് അവർ കഴിച്ചിരുന്നത്. സൂപ്പർവൈസറോടും നിർമ്മാണ കരാറുകാരനോടും സംസാരിച്ചു. ആ തൊഴിലാളികൾ ബംഗ്ലദേശിൽനിന്നുള്ളവരാണ് എന്നാണു കരുതുന്നതെന്ന് താൻ പറഞ്ഞെന്നും കൈലാഷ് വിജയ്വർഗീയ വിശദീകരിച്ചു.

ഇവർ ബംഗ്ലാദേശികളാണെന്ന് തനിക്ക് സംശയം തോന്നിയതിന് പിന്നാലെ രണ്ട് ദിവസങ്ങൾക്കകം അവരെല്ലാം വീട്ടിലെ ജോലി നിർത്തി തിരിച്ചുപോയി. അതേസമയം ഇക്കാര്യത്തിൽ താൻ പോലീസിൽ പരാതിയൊന്നും നൽകിയിട്ടില്ലെന്നും ജനങ്ങൾ ഇത്തരം തൊഴിലാളികളെ തിരിച്ചറിയാൻ വേണ്ടി മാത്രമാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നും വിജയ്വർഗീയ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒന്നര വർഷമായി ബംഗ്ലദേശി ഭീകരർ തന്നെ നിരീക്ഷിക്കുകയാണ്. സിഎഎ രാജ്യതാൽപര്യം മുൻനിർത്തിയുള്ളതാമെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version