മുസ്ലിം പ്രീണനം നടത്തുന്നു, കോണ്‍ഗ്രസ് ‘മുസ്ലിം ലീഗ് കോണ്‍ഗ്രസ്’ ; ബിജെപി

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതി സംബന്ധിച്ച പ്രതിഷേധം ശക്തമാകുന്നതിനിടെ ബിജെപിക്കും കോണ്‍ഗ്രസിനുമുള്ളില്‍ തര്‍ക്കം മുറുകുന്നു. കോണ്‍ഗ്രസ് ‘മുസ്ലിം ലീഗ് കോണ്‍ഗ്രസാ’ണെന്നും കോണ്‍ഗ്രസ് മുസ്ലിം പ്രീണനം നടത്തുകയാണെന്നും ബിജെപി ആരോപിച്ചു. ‘ബിജെപി നാഥുറാം ഗോഡ്‌സെ പാര്‍ട്ടി’യാണെന്നായിരുന്നു ഇതിന് കോണ്‍ഗ്രസ് ബിജെപിക്ക് നല്‍കിയ മറുപടി.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയും കൈകോര്‍ത്തത് ബിജെപിയെ തടയണമെന്ന് മുസ്ലിങ്ങള്‍ ആഗ്രഹിച്ചതിനാലാണെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന ബിജെപിയെ ചൊടിപ്പിച്ചു. കോണ്‍ഗ്രസ് രാജ്യത്തെ ഹിന്ദുക്കളെ മുഴുവന്‍ അവഹേളിച്ചിരിക്കുകയാണെന്നും മുസ്ലിങ്ങള്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാരില്‍ ചേര്‍ന്നെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും ഹിന്ദുക്കളും സിഖുകാരും എന്ത് പാപമാണ് ചെയ്തതെന്നും ബിജെപി. ദേശീയ വക്താവ് സാംപിത് പത്ര ചോദിച്ചു.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ് പങ്കെടുത്തിട്ടില്ലെന്ന എന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയിലും സാംപിത് പത്ര പ്രതികരിച്ചു. സോണിയാഗാന്ധിയുടെ രക്ഷിതാക്കള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സാംപിത് പത്ര പറഞ്ഞു.

വോട്ടുബാങ്കിനായി മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വോട്ട് വാങ്ങുന്നതിനപ്പുറം ആ വിഭാഗത്തിന് ഒരു സഹായവും ചെയ്യാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1946 മുതല്‍ കോണ്‍ഗ്രസ് മുസ്ലിം പ്രീണനം നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് മുസ്ലിങ്ങളുടെ പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി തന്നെ ഒരിക്കല്‍ കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചിട്ടുണ്ടെന്നും സാംപിത് പത്ര പറഞ്ഞു.

അതിനിടെ ബിജെപിക്കെതിരെ ശക്തമായി ആഞ്ഞടിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. ബിജെപി നാഥുറാം ഗോഡ്‌സെ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പ്രതികരിച്ചു. പൊള്ളയായ മനസ്സ് ചെകുത്താന്റെ പണിശാലയാണെന്നാണ് ബിജെപി നടത്തുന്ന ആരോപണങ്ങള്‍ തെളിയിക്കുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Exit mobile version